ന്യൂഡൽഹി: കൊവിഡ് വ്യാപനം ഇല്ലാതാക്കാൻ തുടക്കത്തിൽ തന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കഴിഞ്ഞത് ഇന്ത്യക്ക് നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.ഡേവിഡ് നബാരോ പറഞ്ഞു. ലോകമെമ്പാടും ഇതുവരെ 10,24,732 ആളുകളൊണ് ബാധിച്ചിരിക്കുന്നത്. 53, 329 പേർ മരിച്ചു. കൂടുതൽ രോഗബാധിതർ അമേരിക്കയിലാണ്. 2,44,803 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്. മരിച്ചത് 6072. ഇറ്റലിയിൽ 1,15,495 പേർക്ക് രോഗം ബാധിച്ച് 13, 974 പേർ മരിച്ചു. ഇറ്റലി കഴിഞ്ഞാൽ മരണസംഖ്യ പതിനായിരം കടന്നത് സ്‌പെയിനിലാണ്. 10,348 പേരാണ് ഇവിടെ മരിച്ചത്.
'സാമൂഹികാടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണം ചെയ്യും. രോഗം ഉള്ളവരെ കണ്ടെത്തുകയും അവരെ ഐസൊലേറ്റ് ചെയ്യുന്നതും വൈറസ് വ്യാപനത്തെ തടയാൻ സഹായിക്കും. ലോക്ക് ഡൗണിലൂടെ സാമൂഹികാകലം പാലിക്കുന്നതും രോഗ വ്യാപനത്തെ തടയാൻ സഹായിക്കും. ഇത് ഇന്ത്യയിൽ നടക്കുന്നുണ്ടെന്നാണ് കരുതുന്നത്.' -ഡോ നബാരോ പറയുന്നു.
വളരെക്കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന് വൈറസ് വ്യാപനത്തെക്കുറിച്ച് മനസിലാക്കാനും പ്രതിരോധിക്കാനും കഴിയുന്നതാണ്. വൈറസ് വ്യാപനം ഉണ്ടെന്ന് ആളുകൾക്ക് മനസിലാക്കാൻ ആദ്യമേ കഴിഞ്ഞു. ആശുപത്രികൾ സജ്ജീകരിക്കുന്നതിനും പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ദിവസ ജോലിക്കാരെയും സാധാരണക്കാരെയും ലോക്ക് ഡൗൺ ബാധിക്കുന്നു എന്നത് ശരിയാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം വിമർശനങ്ങളും ഉണ്ടായേക്കാം. പക്ഷേ, വൈറസ് കൂടുതൽ അപകടകരമാകുന്നതിന് മുമ്പ് തന്നെ ഈ തീരുമാനം എടുത്തത് ധൈര്യപൂർവമായ നടപടിയാണ്.
അതേസമയം, ഇന്ത്യ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ഒരാഴ്ച കഴിഞ്ഞിട്ടും കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. നിലവിൽ ഇന്ത്യയിൽ കൊവിഡ് ബാധിച്ചരുടെ എണ്ണം 2301 ആണ്. മരിച്ചവർ 56.
ലോക്ക് ഡൗൺ കാലയളവ് ഇതുവരെയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാകും നിർണ്ണയിക്കപ്പെടുക. സാമൂഹികാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും പൊതുജനാരോഗ്യ സേവനങ്ങളും ആശുപത്രികളുമെല്ലാം എങ്ങനെ തയ്യാറാക്കിയിരിക്കുന്നു എന്നതും നിർണ്ണായകമാണ്. ജനങ്ങൾ ഇതിനെ ഒരു പോരാട്ടമായി കണ്ട് സമൂഹത്തോട് ഐക്യദാർഢ്യം പുലർത്തുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം. അടിത്തട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഇത് എത്ര നാൾ വേണമെന്ന് കൃത്യമായി പറയാനുമാകില്ല.' നബാരോ പറയുന്നു.