ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കാനായി ആയിരം കിടക്കകളുള്ള താത്കാലിക ആശുപത്രികൾ ഒരുങ്ങുന്നു. ലണ്ടനിൽ അടുത്ത വെള്ളിയാഴ്ച ആദ്യത്തെ ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്ന് നാഷണൽ ഹെൽത്ത് സർവ്വീസ് അറിയിച്ചു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലാണ് 1000 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. നോർത്ത് ഹരോഗേറ്റിലെ കോൺഫറൻസ് സെന്ററിൽ 500 രോഗികളെ ചികിത്സിക്കാവുന്ന മറ്റൊരു ആശുപത്രിയും ഒരുക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് അഞ്ച് താല്കാലിക ആശുപത്രികൾ സ്ഥാപിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിലൂടെ നാലായിരം രോഗികൾക്ക് ചികിത്സ ലഭ്യമാക്കും. കൊവിഡ് ബാധയിൽ നിരീക്ഷണത്തിൽ കഴിയുന്ന ചാൾസ് രാജകുമാരൻ വീഡിയോ കോൺഫറൻസ് വഴി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.