വർക്കല : പാപനാശത്ത് വിവിധ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കഴിയുന്ന 75 വിനോദ സഞ്ചാരികളെ ഇന്ന് നാട്ടിലേക്കയ്ക്കും. രാവിലെ 7ന് വർക്കല പാപനാശം ഹെലി പാടിൽ ഇവരെ കോവളത്തുള്ള ഉദയാ സൂട്ടിൽ എത്തിച്ച് പേര് രജിസ്റ്റർ ചെയ്യും. തുടർന്ന് കൊവിഡ് പരിശോധനയും മറ്റുള്ള നടപടികളും പൂർത്തീകരിച്ച ശേഷം റഷ്യയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന വിമാനത്തിൽ ഉച്ചക്ക് 2 ന് ഇവരെ തിരിച്ചയയ്ക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ 220 റഷ്യൻ വിനോദസഞ്ചാരികൾ ഉള്ളതായാണ് പറയപ്പെടുന്നത്. ഇതിൽ 73 പേർ വർക്കല പാപനാശം മേഖലയിൽ തമ്പടിച്ചിട്ടുള്ളവരാണ്. എല്ലാവ‌ർക്കും സർക്കാർ തലത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരും ടൂറിസം ഡിപ്പാർട്ട്മെന്റും എംബസിയും ആഭ്യന്തര വകുപ്പും സംയുക്തമായാണ് ഇവരെ സ്വന്തം നാട്ടിലേക്ക് അയയ്ക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് വരുന്ന ഇവരെ റഷ്യൻ കോൺസുലേറ്റിന്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക രേഖകളിൽ വർക്കലയിൽ 120 പേരും കോവളത്ത് 60 പേരും ആലപ്പുഴ, മാരാരിക്കുളം എന്നിവിടങ്ങളിൽ 40 പേരും ഉൾപ്പെടെ 220 പേരുണ്ട്. ഇവരെയാണ് ഇന്ന് തിരിച്ചയയ്ക്കുന്നതെന്ന് റഷ്യൻ കോൺസുലേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ വർക്കലയിലുള്ള 120 റഷ്യക്കാരിൽ ബാക്കിയുള്ള 47 പേരെ മറ്റ് ചില ഹോം സ്റ്റേകളിൽ പരിശോധന നടത്തി കണ്ടെത്തേണ്ടതുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ വ്യോമയാന മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യൻ ഗവൺമെന്റ് അവരുടെ പ്രത്യേക വിമാനത്തിൽ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാൻ കേന്ദ്ര സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്.