ബ്രസീൽ: കൊവിഡ് നിസാരമായ പനിയാണെന്നും ആരും മരിക്കില്ലെന്നും വീമ്പിളക്കിയ ബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ ഐസൊലേഷനിൽ. ''രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട കാര്യമില്ല. സമ്പൂർണ അടച്ചുപൂട്ടൽ രാജ്യത്തിന്റെ സാമ്പത്തികരംത്തെ തകർക്കും. നഷ്ടം താങ്ങാനാകാത്തതായിരിക്കും. അതുകൊണ്ട് ജനങ്ങൾ വീട്ടിൽ അടച്ചിരിക്കാതെ ജോലിക്ക് പോവുകയാണ് വേണ്ടത്.'' ബൊൾസനാരോ നേരത്തെ പറഞ്ഞത് ഇങ്ങനെയാണ്. കൊവിഡ് സൃഷ്ടിക്കുന്നതിനേക്കാൾ വലിയ നഷ്ടമായിരിക്കും ലോക്ക് ഡൗൺ ഉണ്ടാക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രണ്ടാം തവണയാണ് ബ്രസീൽ പ്രസിഡന്റ് ഐസൊലേഷനിലാകുന്നത്. നേരത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ബൊൾസനാരോ സ്വയം ഐസൊലേഷനിലായി. 14 ദിവസത്തിന് ശേഷം സജീവമായ ബൊൾസനാരോ വീണ്ടും കൊവിഡ് വലിയ പ്രശ്നമല്ലെന്ന പ്രസ്താവനകളിറക്കി.
അപകടത്തിൽ ആളുകൾ മരിക്കുമെന്ന് ഭയന്ന് കാർ കമ്പനികൾ അടച്ചുപൂട്ടാറില്ലെന്നും നേരത്തെ ബൊൾസനാരോ പറഞ്ഞിരുന്നു. കൊവിഡ് അത്ര പേടിക്കേണ്ട കാര്യമല്ലെന്നും മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നുമായിരുന്നു ബ്രസീൽ പ്രസിഡന്റിന്റെ മറ്റൊരു പ്രസ്താവന.
എന്നാൽ കുറേ ദിവസങ്ങളായി ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായത്. 8066 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 327 പേർ മരിച്ചു.
കൊവിഡിനെ നേരിടുന്നതിൽ വീഴ്ച പറ്റിയ പ്രസിഡന്റിനെതിരെ വൻപ്രതിഷേധമാണ് ബ്രസീലിൽ നടക്കുന്നത്. നിരവധി ഗവർണർമാരും ബൊൾസനാരോയ്ക്കെതിര രംഗത്തെത്തിയിട്ടുണ്ട്. 21 കോടി ജനങ്ങളുള്ള ബ്രസീലിൽ പ്രസിഡന്റിനെതിരെ നിരവധിയാളുകളാണ് കഴിഞ്ഞയാഴ്ചകളിൽ ബാൽക്കണിയിലിരുന്ന് പാത്രങ്ങളിൽ കൊട്ടി പ്രതിഷേധിച്ചത്.
ബ്രസീൽ ആരോഗ്യമന്ത്രി ലൂയിസ് ഹെൻറിക് മൻഡെറ്റയും പ്രസിഡന്റിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചു. ആളുകൾ വീടുകളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് ആരോഗ്യ മന്ത്രി പറയുന്നത്.