mobile-

ന്യൂഡൽഹി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ ഒരാൾ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി. നിർദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്തു. നടപടികൾ പൂർത്തിയായ ഉടൻ പൊലീസ് പരാതിക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. മറുതലയ്ക്കൽ നിന്നുള്ള മറുപടികേട്ട് പൊലീസുകാർ ഞെട്ടിപ്പോയി. അറസ്റ്റിലായ വ്യക്തിയുടെ മകനായിരുന്നു പരാതിക്കാരൻ. ഡൽഹിയിലാണ് സംഭവം.

ലോക്ക്ഡൗൺ നിർദ്ദേശം അനുസരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അമ്പത്തൊന്നുകാരൻ അതൊന്നും ഗൗനിച്ചില്ല. എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന അയാൾ കണ്ടിടത്തൊക്കെ ചുറ്റിക്കറങ്ങിയശേഷമാണ് വീട്ടിലെത്തുന്നത്. അച്ഛനെ വീട്ടിലിരുത്താൻ പലവഴികളും നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. തുടർന്നാണ് പൊലീസിനോട് പരാതി പറഞ്ഞത്. ലോക്ക് ഡൗൺ കഴിയുന്നതുവരെ അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിൽ വയ്ക്കാനാണ് പൊലീസിന്റെ തീരുമാനം. അച്ഛനെയും മകനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഡൽഹിയിൽ മാത്രം 290 കോവിഡ് 19 കേസുകളാണുള്ളത്.