പാലോട് : പള്ളിവിള വീടിൻറെ ഉമ്മറത്ത് കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറും വയലാറുമെല്ലാം സംഗമിക്കാറുണ്ട്.അവരുമൊത്തുള്ള സർഗാത്മക ചർച്ചകൾ ഗൃഹനാഥനും കഥാകൃത്തുമായ അസിം പള്ളിവിളയെ ഒരു സ്വപ്നാടകനാക്കിയിട്ട് ഏറെക്കാലമായി.കഥയെഴുത്തിലും ജീവിത വൃത്തിയിലും തോഴരായ എഴുത്തുകാരുടെ ഓർമ്മയ്ക്കായി നട്ടുപിടിപ്പിച്ച നന്മമരങ്ങളാൽ സമൃദ്ധമാണ് വീടും പരിസരവും. പശുക്കളും പറവകളും ഉൾപ്പടെ പള്ളിവിള വീട് തികച്ചും ആശ്രമതുല്യമാണ്.കുറേക്കാലമായി മുറിഞ്ഞുപോയ എഴുത്തു വഴിയിലെ സ്വപ്നാടനത്തിന് ലോക്ക് ഡൗണോടെ പുനർജീവൻ ലഭിച്ചതിൻറെ ആശ്വാസത്തിലാണ് അസിം. കുഞ്ഞുന്നാളിൽ റേഡിയോയിൽ കേട്ടു പരിചയിച്ച 'ദേവദാരു പൂത്തു..മനസിൻ താഴ്വരയിൽ' എന്ന പാട്ടിൻറെ രചയിതാവ് വയലാറിൻറെ സ്മരണയ്ക്കായി ദേവദാരു നട്ടുകൊണ്ടാണ് സാഹിത്യ സപര്യയിലെ പുതുവഴിക്ക് അസിം തുടക്കമിട്ടത്.ആശാൻ വീണപൂവിന് പിറവി നൽകിയ കായിക്കര വിദ്യാലയാങ്കണത്തിലെ ചെമ്പക മരത്തിൽ നിന്ന് ഇറുത്തെടുത്ത ശിഖരം പള്ളിവിള വീടിൻറെ പ്രധാന വാതിലിനു ഇരുവശത്തുമായി തലയുയർത്തി നിൽപ്പുണ്ട്.കോവിലൻറെ തട്ടകം വായിച്ച് ആവേശം കൊണ്ട് നട്ടുപിടിപ്പിച്ച അശോകമരവും ഖസാക്കിൻറെ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒ.വി വിജയൻ മാഷിൻറെ പേരു ചാർത്തിയ സർവ്വസുഗന്ധിയും വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരവും മാധവിക്കുട്ടിയുടെ നീർമാതളവുമടക്കം 80 -ഓളം ഓർമ്മ മരങ്ങളാണ്അസിമിൻറെ വീടിനു ചുറ്റും തലയുയർത്തി നിൽക്കുന്നത്. ആകെയുള്ള മുപ്പത് സെൻറ് പുരയിടത്തിൽ വീടൊഴികെയുള്ള സ്ഥലമാകെ മരങ്ങളും മുളങ്കാടും കാട്ടുവള്ളികളും പന്തലിച്ചു കിടപ്പാണ്. മൺതിട്ടയിലെ മാളങ്ങളിൽ ഇഴജന്തുക്കൾ ഉണ്ടാവില്ലേ എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിക്കുന്ന മറുപടി.അവരും ഭൂമിയുടെ അവകാശികൾ അല്ലേ എന്ന്.അകാലത്തിൽ മരിച്ച പരിസ്ഥിതി പ്രവർത്തകൻ ഡോ.കമറുദീൻറെ ആഗ്രഹപ്രകാരം നക്ഷത്ര വനത്തിലെ ഒരു ഭാഗം കാവ് വത്കരണത്തിനായി നീക്കി വച്ചിരിക്കയാണ് ഈ കൊറോണക്കാലത്ത് കഥാകൃത്ത്.ഇവിടെ,ഓക്സിജൻ പ്ലാന്റും കമ്പകവും കരി മരവും ഇലിപ്പയും ഈഞ്ചയുമുൾപ്പടെ അന്യം നിന്ന് പോയ നൂറോളം വനവൃക്ഷങ്ങൾ നട്ടുകഴിഞ്ഞു.
*നൂറ് വീട്ടിൽ പാൽവിതരണം
തൊഴുത്തിൽ ചെമ്മരിയാടുകൾ, പഗീർ, ജഴ്സി തുടങ്ങി വിവിധ ഇനത്തിൽപ്പെട്ട ഇരുപതോളം പശുക്കൾ. രാവിലെ മൂന്ന് മണിയോടെ പശുപരിപാലനത്തിലേയ്ക്ക് തിരിയും.തീറ്റയും കുളിയും കറവയും കഴിഞ്ഞ് കുപ്പികളിൽ നിറച്ച പാലുമായി സ്വന്തം ജീപ്പിൽ ഭാര്യയോടൊപ്പം വീടുകളിൽ പാൽ വിതരണം.നൂറ് വീട്ടിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങിയെത്തി തൊഴുത്തും പരിസരവും ശുചീകരിക്കും.ആഹാരം കഴിച്ച് ഉറക്കത്തിലേക്ക്. ഉണർന്ന് എണീറ്റ് വീണ്ടും കറവ.അത്താഴം കഴിഞ്ഞ് രാത്രി ഒമ്പതോടെ എഴുത്തുകാർക്കൊപ്പം സ്വപ്‌നാടനത്തിലേക്ക്.കുഞ്ഞുന്നാൾ മുതൽ തുടങ്ങിയ വേറിട്ട സാഹിത്യ സപര്യയിൽ പിറവി കൊണ്ടത് ഒരു ഡസനോളം പുസ്തകങ്ങളാണ്.കോറന്റൈയിൻ കാലം കഴിയുമ്പോൾ തൻറെ പുതിയ പുസ്തകം പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്അസിം പള്ളിവിള.അൻസിയാണ് ഭാര്യ.ഗ്രീഷ്മ,അന്നമ്മ,റംസ എന്നിവർ മക്കൾ. ഫോൺ : 8281019190
*പുരാവസ്തു ശേഖരം നിധി പോലെ
പാലോട് പെരിങ്ങമ്മല പള്ളിവിളയിൽ പരേതനായ കാസിം കുഞ്ഞിൻറെയും സൈനബാബീവിയുടെയും ഏഴ് മക്കളിൽ ഇളയവനാണ് അസിം.വീടിന് മുന്നിൽ കഥ പറയും വീട് എന്ന ബോർഡ് തൂക്കിയിട്ടുണ്ട്.പടിപ്പുര കടന്നാൽ പച്ചപ്പിൻറെ ലോകത്തേക്കാവും എത്തുക.വീട്ടിൽ പൂർവികരിൽ നിന്ന് ലഭിച്ച ആദ്യകാല ഗൃഹോപകരണങ്ങളും അപൂർവ നാണയങ്ങളും നിധി പോലെ സൂക്ഷിക്കുന്നുണ്ട്.മുത്തച്ഛൻ വിളക്ക്, വെറ്റില ചെല്ലം, ഗ്രാമഫോൺ, നൂറ്റാണ്ടുകൾ പഴക്കമുള്ള കാമറകൾ എന്നിവയും കാണാം.പടിവാതിൽക്കൽ എത്തിയാൽ മുത്തശി മാവിൻറെ തണലേറ്റ് മൺകൂജയിയിൽ ദാഹവും അകറ്റാം. ഇവിടെ, ആദ്യകാലത്തെ ഒരു തപാൽ പെട്ടി സ്ഥാപിച്ചിട്ടുണ്ട്.കൗമാരദശയിൽ പോസ്റ്റുമാനായി സേവനമനുഷ്ടിച്ചതിന്റെ ഓർമ്മചിത്രമാണത്.