കുവൈറ്റ്: കുവൈറ്റിൽ 42 ഇന്ത്യക്കാർ ഉൾപ്പെടെ 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്. ഏറ്റവുമധികം ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നതും ഇന്നാണ്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 417 ആയതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു.
പ്രവാസികൾക്കിടയിൽ കൊവിഡ് ബാധ വർദ്ധിച്ചുവരികയാണ്. തുടക്കത്തിൽ വിദേശത്ത് നിന്നും മടങ്ങിയെത്തിയ സ്വദേശികൾക്കായിരുന്നു വൈറസ് ബാധ ഉണ്ടായിരുന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ സ്ഥിതി മാറിയിരിക്കുകയാണ്. പല മേഖലകളിലും പ്രവാസികൾ കൂട്ടംകൂടിയാണ് താമസിക്കുന്നത്. ഇതോടെ ശുചിത്വവും മുൻകരുതലുകളും പാലിക്കപ്പെടാതെ രോഗബാധ പടരാനുള്ള സാദ്ധ്യത വർദ്ധിക്കുകയാണ്.
പ്രവാസികളിൽ കൊറോണ കണ്ടെത്തിയ പ്രദേശങ്ങളിലെല്ലാം കർശനമായ മുൻകരുതലുകളാണ് അധികൃതർ സ്വീകരിച്ചുപോരുന്നത്.
ഇതിനോടകം 16 കൊവിഡ് ബാധിതരാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. 335 പേർ ചികിത്സയിലാണ്. 82 പേർ രോഗമുക്തരായി.