ആറ്റിങ്ങൽ: ലോക് ഡൗൺ പശ്ചാത്തലത്തിൽ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിപ്രകാരം ചെറു കൃഷികൾക്കായുള്ള വിത്തുകൾ കൃഷി വകുപ്പിൽ നിന്നും ലഭ്യമാക്കി തുടങ്ങി. ചീര, വള്ളിപയർ എന്നിവയുടെ വിത്താണ് ആദ്യ ഗഡുവായി വീട്ടുകാർക്ക് നൽകാൻ എത്തിയിട്ടുള്ളതെന്ന് ആറ്റിങ്ങൽ കൃഷി ഓഫീസർ പുരുഷോത്തമൻ പറഞ്ഞു.
ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന അഴൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, വക്കം, മുദാക്കൽ എന്നീ പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെയും കൃഷി ഭവനുകളിലാണ് വിത്തുകൾ എത്തിച്ചിട്ടുള്ളത്. 20,000 പച്ചക്കറി വിത്ത് പാക്കറ്റാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ആശാ വർക്കർമാർ, എൻ.എസ്.എസ് വോളന്റിയർമാർ, എൻ.സി.സി കേഡറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേന വിത്തു പാക്കറ്റുകൾ കർഷകരുടെ വീടുകളിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കർശന നിയന്ത്രണങ്ങൾ പാലിച്ച് എത്തിക്കാനാണ് തീരുമാനം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വീടുകളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കണമെന്നും കൃഷി ഓഫീസർ അറിയിച്ചു.