ജയ്പൂർ: കോവിഡ് പോസിറ്റീവായ മൂന്ന് പേർ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രാജസ്ഥാനിൽ മരിച്ചു. എന്നാൽ ഇവർ കോവിഡ് മൂലമല്ല മരിച്ചതെന്നും മറ്റ് രോഗങ്ങളാണ് മരണ കാരണമെന്നുമാണ് സർക്കാർ ഭാക്ഷ്യം.
മാർച്ച് 20 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള കാലയളവിലാണ് മൂന്ന് മരണങ്ങളും നടന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച ഒരു ഇറ്റലിക്കാരനും സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.രാജസ്ഥാൻ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇവരുടെ മരണകാരണം കോവിഡല്ലെന്ന് വ്യക്തമാക്കിയത്. കോവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നാണ് ആരോഗ്യപ്രവർത്തകരും പറുയന്നത്.
മാർച്ച് 20നാണ് ഇറ്റലിക്കാരൻ മരിച്ചത്. പുകവലിക്കാരനായ ഇയാൾക്ക് ബ്രോങ്കൈറ്റിസ് രോഗമുണ്ടായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് അധികൃതർ പറയുന്നത്.
മാർച്ച് 26നാണ് ബിൽവാര സ്വദേശിയുടെ മരണം. മസ്തിഷ്കാഘാതം, കിഡ്നി പ്രശ്നങ്ങൾ എന്നിവമൂലം ഇയാൾ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അതാണ് മരണകാരണമെന്നുമാണ് ഒൗദ്യോഗിക വിശദീകരണം. ഏപ്രിൽ രണ്ടിനായിരുന്നു മൂന്നാമത്തെ മരണം. മസ്തിഷ്ക രക്തസ്രാവമായിരുന്ന കാരണമെന്നാണ് അധികൃതർ പറയുന്നത്.