doc

തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാരിന്റെ ഒറ്റ ഉത്തരവുണ്ടെങ്കിൽ, 3,​500 യുവഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഉടനടി കിട്ടും. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പാസായി ഹൗസ് സർജൻസി കാത്തുനിൽക്കുന്നവരാണിവർ.

കൊവിഡ് കാലത്തെ ആവശ്യം മുന്നിൽ കണ്ട്, എം.ബി.ബി.എസ് പരീക്ഷയുടെ ഫലം ഒരുമാസത്തിനുള്ളിൽ (കഴിഞ്ഞ 24ന് )​ പ്രസിദ്ധീകരിച്ചു. പക്ഷേ, ഇവർക്ക് മെഡിക്കൽ കോളേജുകളിൽ ഹൗസ്‌സർജന്മാരായി പ്രവേശിക്കാൻ സർക്കാർ ഉത്തരവുണ്ടായിട്ടില്ല.

കഴിഞ്ഞ ബാച്ചിലെ ഹൗസ്‌സർജന്മാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമുണ്ട്. മാർച്ച് 31ന് അവസാനിക്കേണ്ട ഇവരുടെ സേവനം കൊവിഡ് കാരണം15 ദിവസത്തേക്ക് നീട്ടി. പക്ഷേ, പുതിയ 3500 ഹൗസ് സർജന്മാരെ ആശുപത്രികളിലെത്തിക്കുന്നത് സർക്കാർ മറന്നുപോയി. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരെല്ലാം ക്വാറന്റൈനിൽ പോകണമെന്നതിനാൽ ഇത്രയും ഡോക്ടർമാരെ കിട്ടുന്നത് പ്രയോജനകരമാണ്. നിലവിലുള്ള ഹൗസ് സർജന്മാർ തുടർന്നാലും, 3500 ഡോക്ടർമാരെ ക്കൂടി ആശുപത്രികളിൽ ഉൾക്കൊള്ളാനാവും. 23 സ്വകാര്യ കോളേജുകളിലെയും 11ഗവ. കോളേജുകളിലെയും വിദ്യാർത്ഥികളാണിവർ. സ്വാശ്രയ കോളേജുകളിൽ പഠിച്ചവരാണെങ്കിലും അവർ ആവശ്യപ്പെട്ടാൽ ജില്ലാ, ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി അനുവദിക്കാറുണ്ട്. മറ്റ് ജില്ലകളിൽ പഠിച്ചവർക്ക് സ്വന്തം ജില്ലയിലെ മെഡിക്കൽകോളേജിൽ ഹൗസ്‌സർജന്മാരാകാനും കഴിയും.

ഹൗസ്‌സർജൻസി കാത്തുനിൽക്കുന്നവർ സത്യവാങ്മൂലം നൽകി സന്നദ്ധപ്രവർത്തനം നടത്താനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. രണ്ടാഴ്ചയായി വീട്ടിൽ തന്നെയായിരുന്നെന്നും 28 ദിവസത്തിനിടെ വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പോയിട്ടില്ലെന്നും കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നുമാണ് സത്യവാങ്മൂലം നൽകേണ്ടത്. സന്നദ്ധപ്രവർത്തനം ഹൗസ്‌സർജൻസിയുടെ ഭാഗമല്ലാത്തതിനാൽ ഡോക്ടർമാർ അതിന് തയ്യാറായിട്ടില്ല. അതേസമയം, അവസാനവർഷ എം.ബി.ബി.എസ്, നഴ്സിംഗ്, ആയുർവേദ കോഴ്സുകളിലായി ഇരുപതിനായിരം കുട്ടികൾ സന്നദ്ധപ്രവർത്തനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് കളക്ടറുടെ ആവശ്യപ്രകാരം 77പേരെ അവിടേക്ക് നിയോഗിച്ചു.

3500 ഡോക്ടർമാരെ കിട്ടിയാൽ

))കൊവിഡ്-19ചികിത്സയ്‌ക്കും ഉപയോഗിക്കാം

))കേസ് ഷീറ്ര് എഴുത്ത്, പ്രാഥമിക പരിശോധന, കാഷ്വാലിറ്റി ഡ്യൂട്ടി എന്നിവ നൽകാം

))മഹാമാരിക്കാലത്തെ പരിശീലനം യുവഡോക്ടർമാർക്കും ഗുണകരമായിരിക്കും

നീറ്റ് പ്രശ്‌നം

അടുത്തവർഷത്തെ നീറ്റ്-പി.ജിക്ക് അപേക്ഷിക്കാൻ കൃത്യസമയത്ത് ഹൗസ്‌സ‌ർ‌ജൻസി തീരേണ്ടതുണ്ട്. വൈകിയാൽ അടുത്ത മാർച്ച് 31ന് ഒരുവർഷം തികയില്ല. നിരവധി പേർക്ക് പിജി പഠനത്തിന് അവസരം നഷ്ടമാവും.

ജില്ലകളിൽ യാത്രചെയ്യാൻ പ്രയാസമുള്ളതിനാലാണ് ഹൗസ് സർജൻസി വൈകുന്നത്. കാസർകോട്ടുള്ളയാളെ മറ്റ് ജില്ലകളിൽ ഹൗസ്‌സർജന്മാരാക്കാൻ പറ്റില്ല. അതിനാലാണ് നിലവിലുള്ളവരുടെ സേവനം നീട്ടിയത്.

ആരോഗ്യമന്ത്രിയുടെ ഓഫീസ്