secretariat

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ ആരംഭിച്ച വാർ റൂം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. ഇതിനായി നാല് ഐ. എ. എസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവർത്തനം.ഐ.എ.എസുകാരായ ഡോ.എ. കൗശിഗൻ, ഡോ.എസ്. കാർത്തികേയൻ, വി.ആർ. പ്രേംകുമാർ, ജെറോമിക് ജോർജ് എന്നിവർക്കാണ് വാർറൂമിന്റെ മേൽനോട്ട ചുമതല നൽകിയത്.

സർക്കാർ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഐ.എ.എസുകാരെ ചുമതലപ്പെടുത്തി.

സർക്കാർ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ജോഷി മൃൺമയി ശശാങ്കിനാണ്. ജില്ലകളിൽ ഭക്ഷ്യധാന്യങ്ങളുടെ ദൈനംദിന ലഭ്യത, റേഷൻ, പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികളുടെ തീർപ്പാക്കൽ എന്നിവയുടെ ചുമതല നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢിക്കാണ്. തൊഴിൽവകുപ്പിന്റെ പ്രതിനിധികളെ വാർറൂമിന്റെ ഭാഗമാക്കാൻ ലേബർ കമ്മിഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷിഫ്റ്റുകൾ:

1. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ

2. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ

3. രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 7 വരെ

വാർറൂമിൽ

1ആരോഗ്യം, കുടുംബക്ഷേമം, റവന്യു, തദ്ദേശസ്വയംഭരണം, ഭക്ഷ്യം, ഗതാഗതം, പൊലീസ്, തൊഴിൽ വകുപ്പുകൾ

 ഓരോ ഗ്രൂപ്പിലും ഒരുസമയം രണ്ട് പേർ മാത്രം. സഹായത്തിന് പരമാവധി മൂന്നു ഉദ്യോഗസ്ഥർ

സമയ ക്ലിപ്തത നിർബന്ധം. അടുത്ത ഷിഫ്റ്റിലുള്ളവർ എത്തിയിട്ടേ മുൻ ഷിഫ്റ്റുകാർ മടങ്ങാവൂ.

ജീവനക്കാർ കൊവിഡ്-19 പ്രോട്ടോകോൾ പാലിക്കണം (ബ്രേക്ക് ദ ചെയിൻ)

 പ്രധാന ഫോണിലേക്ക് വരുന്ന പരാതികളും അന്വേഷണങ്ങളും ഏഴക്ക ഡിജിറ്റ് ഉപയോഗിച്ച് ജി.എ.ഡി ഗ്രൂപ്പ് രജിസ്റ്റർ ചെയ്യണം.

ഒരേസമയം രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ടാവണം.

ഗ്രൂപ്പംഗങ്ങൾക്ക് പരിഹരിക്കാനാവാത്തവയിൽ തുടർനടപടി ഐ.എ.എസുകാർ നിർദ്ദേശിക്കണം.

മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയും യോഗങ്ങളിലെടുക്കുന്ന പൊതുതീരുമാനങ്ങളിൽ വാർറൂമിനെ ചുമതലപ്പെടുത്തിയവയുണ്ടെങ്കിൽ ഐ.എ.എസ് ഉദ്യോഗസ്ഥർ നേരിട്ട് കൈകാര്യം ചെയ്ത് വാർ റൂം തലവനെ അറിയിക്കണം.

ജീവനക്കാർ ഹാജർ കൃത്യത ഉറപ്പാക്കണം.

രാത്രി ഷിഫ്റ്റിൽ വരുന്നവർ ഒരു ദിവസം കഴിഞ്ഞ് രാവിലത്തെ ഷിഫ്റ്റിലെത്തണം. രാവിലെ വരുന്നവർ അടുത്ത ദിവസം രണ്ടാം ഷിഫ്റ്റിലും രണ്ടാം ഷിഫ്റ്റിലുള്ളവർ അടുത്ത ദിവസം രാത്രിയിലുമെത്തണം.

ഓരോ വകുപ്പും വാർ റൂമിലേക്ക് ജീവനക്കാരെ റിസർവിൽ കരുതണം.