കഴക്കൂട്ടം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് മത്സ്യബന്ധനം നിറുത്തിവച്ച തൊഴിലാളികൾക്ക് ആശ്വാസവുമായി മര്യനാട് ഇടവക. ഇടവകയിലെ 1700 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2000 രൂപ വീതം ധനസഹായം കൈമാറി. പ്രതിദിനം ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ മത്സ്യബന്ധനത്തിന് പോയിരുന്നത്. തീരത്ത് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളിലെ ചരക്കുവില്പനയിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഇടവകയ്ക്കായി ചെറിയൊരു തുക നൽകാറുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസ - വൈദ്യസഹായത്തിനുമാണ് വിനിയോഗിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുക സഹായധനമായി നൽകാൻ മര്യനാട് ഇടവക കമ്മി​റ്റി തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക സഹായം ആവിശ്യമില്ലാത്തവർ സഹായദാനം വേണ്ടന്ന് എഴുതി നൽകിയാൽ സ്വീകരിക്കുമെന്ന് ഫാ. ജെറാഡ് പറഞ്ഞു.