റോം: വടക്കൻ ഇറ്റലിയിലെ ലൊംബാർഡിയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞതോടെ പല രോഗികളെയും വീട്ടിലേക്ക് മടക്കി അയയ്ക്കുകയാണ് ഇപ്പോൾ അധികൃതർ. എന്നാൽ വീടുകളിൽ കഴിയുന്ന ഇവർക്ക് ചികിത്സ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ആരോഗ്യമന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. പ്രത്യേക ട്രെയിനിംഗ് ലഭിച്ച ഡോക്ടർമാർ ഇവരെ വീട്ടിലെത്തി ചികിത്സിക്കും. വയോധികരടക്കമുള്ള നിരവധി പേരെയാെണ് ഇറ്റലിയിൽ ഇപ്പോൾ വീട്ടിലെത്തി ചികിത്സിക്കുന്നത്. സുരക്ഷാ വസ്ത്രങ്ങളും മാസ്‌കും കൈയ്യിൽ ഗ്ലൗസുമണിഞ്ഞാണ് ഡോക്ടർമാർ രോഗികളുടെ അപ്പാർട്ട്മെന്റിലെത്തുന്നത്. ലൊംബാർഡിയിലെ ബെർഗാമോയിലാണ് വീട്ടിലെത്തി ചികിത്സ പരീക്ഷിച്ച് തുടങ്ങിയിരിക്കുന്നത്. 13,000 ത്തിലേറെ പേരാണ് ബെർഗാമോയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇനിയും നിരവധി പേർ ഈ മേഖലയിൽ മരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഫസ്റ്റ് എയ്ഡ് സ്റ്റേഷനുകളിൽ പ്രവർത്തിച്ച് മുൻപരിചയമുള്ള ഡോക്ടർമാരെയാണ് വീട്ടിലെത്തി ചികിത്സ നൽകാൻ തിരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ സ്ഥിരീകരിച്ചത് 4,668 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ ആകെ 1,15,242 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 760 മരണമാണ്. ബുധനാഴ്ച മരണ നിരക്ക് 727 ആയിരുന്നു. മരണനിരക്ക് കൂടിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നത് ആശങ്കകൾക്കിടയാക്കുന്നുണ്ട്. മരണനിരക്ക് ക്രമാതീതമായി കുറയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. ഇറ്റലിയിലെ ആകെ മരണം 13,915 ആണ്. ഇതേവരെ 18,278 പേർക്ക് രോഗം ഭേദമായി. 4,052 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നതാണ് ഏക ആശ്വാസം.
ലൊംബാർഡി മേഖലയിലും രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ട്. 1,292 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. അതേസമയം, ഇറ്റലിയുടെ തെക്കൻ മേഖലകളിൽ കൊറോണ വൈറസ് വ്യാപനം ഇനിയും കൂടാമെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ഏപ്രിൽ 13 വരെ ഇറ്റലിയിലെ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ രോഗം വ്യാപനം കൂടുമെന്നതിനാൽ ലോക്ക്ഡൗൺ കാലാവധി ഇനിയും നീട്ടിയേക്കാനിടയുണ്ട്.