തിരുവനന്തപുരം : കൊവിഡ് 19 പകർച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഹോട്ട് സ്പോട്ടായ തലസ്ഥാനത്ത് ജാഗ്രത കർശനമാക്കി. കൂടുതൽ പേരിലേക്ക് വൈറസ് പടരാതെ ചെറുക്കുകയെന്ന ദൗത്യമാണ് ആരോഗ്യവകുപ്പിനുള്ളത്. ഇതിനായി രാത്രിയും പകലുമില്ലാതെ പ്രവർത്തിക്കുകയാണ് ഉദ്യോഗസ്ഥർ. തുടർച്ചയായി വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന ജില്ലകളെയാണ് കേന്ദ്രം ഹോട്ട് സ്പോട്ടാക്കുന്നത്. നിലവിൽ ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതേപടി തുടരും. ലോക്ക് ഡൗൺ കർശനമാക്കും. ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനോടകം ഗ്രാമ, നഗര വ്യത്യാസമില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവരാണ് കൂടുതലെങ്കിലും സമ്പർക്കത്തിലൂടെ രോഗം പകർന്നവരുമുണ്ട്. ഹോട്ട് സ്പോർട്ട് ആയതോടെ ജില്ലയിലെ പൊതുയിടങ്ങളെല്ലാം ശുചിയാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ആളുകൾ ഒത്തുകൂടിയ സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തവരുടെ പരിസരത്തെ പൊതുയിടങ്ങളും ശുചിയാക്കും. കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ മറ്റുവീടുകളും ശുചിയാക്കേണ്ടതുണ്ട്. ഇത് ഓരോ വീട്ടുകാരും നിർവഹിക്കണം. ആരോഗ്യവകുപ്പ് ജീവനക്കാർ ഇത് സംബന്ധിച്ച് ജനങ്ങൾക്ക് നിർദ്ദേശം നൽകും.

നിലവിൽ നടക്കുന്ന വിവരശേഖരണം, നിരീക്ഷണം, പരിശോധന തുടങ്ങിയ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇന്നുമുതൽ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചാൽ നിരീക്ഷണത്തിലുള്ളവരെ വിധേയരാക്കും.

അണുനശീകരണം വ്യാപകം

മെഡിക്കൽ കോളേജ്, സൂപ്പർസ്‌പെഷ്യാലിറ്റി, എസ്.എ.ടി, ആർ.സി.സി, തിരുവല്ലത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാളുടെ വീടിന്റെ പരിസരം, കല്ലടിമുഖം തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെ അണുനശീകരണം നടത്തി.