ദുബായ്: ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. അഞ്ച് ഗൾഫ് രാജ്യങ്ങളിലായി 37പേരാണ് മരിച്ചത്. യു.എ.ഇയിൽ 24 മണിക്കൂറിനിടെ 210 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ ഏറ്റവുമധികം പേർക്കു രോഗം ബാധിച്ചതും മരിച്ചതും സൗദിയിലാണ്. 1885 പേർക്കു രോഗം സ്ഥിരീകരിച്ചു. 328 പേർ രോഗമുക്തി നേടി. 21 പേരാണ് മരിച്ചത്. മക്കയിൽ 725പേർക്കും റിയാദിൽ 622 പേർക്കും രോഗം സ്ഥിരീകരിച്ചു. യു,എ.ഇയിൽ രോഗ ബാധിതരുടെ എണ്ണം 1024ആയി. 96 പേരുടെ രോഗം മാറി. ഖത്തറിൽ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം മൂന്നായി. ആകെ രോഗബാധിതർ 949. സുഖം പ്രാപിച്ചത് 72 പേർ.
കുവൈത്തിൽ 14 ഇന്ത്യക്കാർ അടക്കം 25 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 342. ഹ്റൈനിൽ 381 പേർ രോഗമുക്തി നേടി. 258 പേരാണ് ഇനി ചികിത്സയിലുള്ളത്. ഒമാനിൽ രോഗം സ്ഥിരീകരിച്ചവരിൽ 25 ശതമാനം പേരും സുഖം പ്രാപിക്കുന്നുണ്ട്. 231 പേരാണ് ആകെ രോഗബാധിതർ.
ലോകത്ത് 10 ലക്ഷം കടന്നു
204 രാജ്യങ്ങളിലായി കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചവർ 53,167. ഫ്രാൻസിൽ ഒറ്റദിവസം കൊണ്ട് 471 പേർ മരിച്ചപ്പോൾ അമേരിക്കയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധിതരായത് മുപ്പതിനായിരത്തോളംപേരാണ്.
അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 2,40,000ത്തിന് മുകളിലെത്തി. മരണം 6000. ഏറ്റവും കൂടുതൽ പേർ മരിച്ച ഇറ്റലിയിൽ മരണം14,000.
ന്യൂയോർക്ക് ഉൾപ്പെടെ രോഗംപടരുന്ന മേഖലകളിൽ ഒരാൾപോലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ രണ്ടാമത്തെ പരിശോധനഫലവും നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.