മാഡ്രിഡ് : തുടർച്ചയായ രണ്ടാം ദിവസവും റെക്കാഡ് മരണസംഖ്യയിൽ വിറച്ച് സ്പെയിൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനിൽ മരിച്ചത് 932 പേരാണ്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യയുമായി കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയാണ് സ്പെയിൻ. ആകെ മരണസംഖ്യ 10,935 ആയി. 1,17,710 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറ്റലിയിലെ പോലെ തന്നെ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ സ്പെയിനിലും നേരിയ കുറവാണ് അനുഭവപ്പെടുന്നത്. 30,000 പേർക്ക് സ്പെയിനിൽ കൊവിഡ് ഭേദമായി. 6,416 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
മാർച്ച് 14 മുതൽ സ്പെയിൻ ലോക്ക്ഡൗണിൽ തുടരുകയാണ്. ഏപ്രിൽ 11 വരെ ലോക്ക്ഡൗൺ തുടരുമെന്ന് പറയുന്നുണ്ടെങ്കിലും കാലാവധി ഇനിയും നീട്ടുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 7ന് നടക്കാൻ പോകുന്ന കാബിനറ്റ് മീറ്റിംഗിന് ശേഷം ഇതുസംബന്ധിച്ച തീരുമാനം അറിയിക്കാനാണ് സാദ്ധ്യത. ഏപ്രിൽ 26 വരെ ലോക്ക്ഡൗൺ തുടർന്നേക്കാമെന്നും സൂചനകളുണ്ട്. സ്പെയിനിൽ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന സ്ഥിതിയ്ക്ക് നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് വരുത്താനാകില്ല.