വിതുര: ലോകം മുഴുവൻ മഹാമാരി പടർന്നുപിടിക്കുമ്പോൾ അതിനെ പേടിയില്ലാതെ നേരിടുകയാണ് ഇവിടുത്തെ ആധിവാസികൾ. ലോക്ക് ഡൗൺകാലം മറ്റ് പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുകയാണ് ഇവർ. സ്വയം തൊഴിലും കുടിൽ വ്യവസായവും എല്ലാം വീണ്ടും പൊടിതട്ടി എടുത്തു. ഒപ്പം ഏത് മഹാമാരിയേയും തടയാനുള്ള ഔഷധക്കൂട്ടുകളും ഈ കാടിന്റെ മക്കൾക്ക് ഇനുഗ്രഹമായി ഒപ്പമുണ്ട്. ഇത് പ്രധാനിയാണ് കാടിന്റെ തുടിപ്പറിഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയും സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്തുന്ന കൃഷ്ണൻകാണിയും.
`ഞങ്ങക്ക് ഭയമില്ല
പകർച്ചാ വ്യാധികളും വൈറസും ഞങ്ങൾക്ക് പേടിയില്ല, ഞങ്ങളെ സംരക്ഷിക്കാൻ പച്ചിലമരുന്നുണ്ട്. ഇത് പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ വാക്കുകളാണ്. ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ. നഗരം ലോക്ക് ഡൗണിൽ വീട്ടിലിരിക്കുമ്പോൾ കാടിന്റെ മക്കൾ ശുദ്ധവായു ശ്വസിച്ച് കാടിനുള്ളിൽ അധിവസിക്കുന്നു. ഏതേ രോഗം വന്നാലും ഇവർക്ക് ആശ്രയം പച്ചിലമരുന്നുകളാണ്. ഒരുകാലത്ത് പടർന്നുപിടിച്ച മലമ്പനിയും പിന്നീട് വന്ന വസൂരിയും കാട്ടിലെ പച്ചിലമരുന്നിനാൽ നിയന്ത്രിച്ചതാണ് ഈ കാടിന്റെ മകൾ കല്ലാർ ലക്ഷ്മിക്കുട്ടിഅമ്മ.ആനയും പുലിയും കരടിയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടിൽ നിന്ന് ജീവൻ പണയം വച്ചാണ് ആരോഗ്യപ്പച്ച ഉൾപ്പടെയുള്ള ഔഷധങ്ങൾ ഇവർ കണ്ടെത്തിയത്. പച്ചിലമരുന്നിന് മറ്റ് മരുന്നിനെക്കാൾപ്രതിരോധശേഷി കൂടുതലുണ്ടെന്നാണ് ഇവരുടെ വിശ്വാസം അതിനാൽ ഏത് വൈറസിനെയും വ്യാധികളെയും തുരത്താനുള്ള ശക്തിയും ഈ പച്ചിലകൾക്കുണ്ട്. അതുകൊണ്ട് തന്നെ ലോകം മുഴുവൻ പടർന്നുപിടിക്കുന്ന മഹാമാരിയായ കൊവിഡ് 19 ഇവർക്ക് ഭയമില്ല. പച്ചിലക്കൂട്ട്, പച്ചിലകഷായം, ആവിക്കുളി എന്നിവയാണ് ഇവരുടെ പ്രധാന ചികിത്സ രീതി. ഏത് മഹാമാരി വന്നാലും പച്ചില മരുന്നുകൾ തങ്ങളുടെ ജീവൻ രക്ഷിക്കുമെന്ന ഉറച്ചവിശ്വാസം ആണ് ആദിവാസി സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. ആ വിശ്വാസം സത്യമാതു കൊണ്ടായിരിക്കാം വൈറസുകൾ കാട്ടിലോട്ട് കടക്കാത്തത്.
രണ്ടാഴ്ച മുൻപ് പൊന്മുടി സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യയും മടക്കയാത്രയിൽ കല്ലാറിൽ എത്തി ലക്ഷ്മിക്കുട്ടിഅമ്മയെ സന്ദർശിച്ചിരുന്നു. ആയുർവേദമരുന്നുകളോടുള്ള താത്പര്യവും അറിയിച്ചു.
കൃഷ്ണൻ കാണി ലോക്ക് ഡൗണിലും ബിസി
കരിമ്പിൻകാല നടത്തരികത്ത് വീട്ടിൽ കൃഷ്ണൻ കാണിയുടെ കൈകളിലൂടെ പിറക്കുന്നത് ഈറകൊണ്ടുള്ള വട്ടിയും കുട്ടയും മുറവുമാണ്. ലോക്ക് ഡൗൺകാലം ഈറയിൽ മറ്റെന്തിങ്കിലും നിർമ്മിക്കാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ് കൃഷ്ണൻകാണി. അതിന് കിട്ടിയ ഉത്തരമാണ് ഈറകൊണ്ടുള്ള കോഴിക്കൂട്. നിർമ്മാണ ചെലവാകട്ടെ 500 രൂപ മാത്രം. കൂട് നിർമ്മാണത്തിന് ഒരു ദിവസം മിനക്കെട്ടാൽ ഈറയിലുള്ള മനോഹരമായ കോഴിക്കൂട് റെഡി. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് അനുഗ്രഹമായെന്നാണ് കൃഷ്ണൻകാണിയുടെ പക്ഷം. കാരണം തൊഴിലുറപ്പിന് പോയി വരുമാനം കണ്ടെത്തിയ ഇദ്ദേഹത്തിന് നഗരത്തിലെ വിവാഹങ്ങൾക്കുള്ള കുട്ടയും വട്ടിയും നിമ്മിക്കാനുള്ള ഓർഡറുകൾ കിട്ടിയിട്ടുണ്ട്. ചന്തകൾ പ്രവത്തിക്കാതായതോടെയാണ് കൃഷ്ണൻകാണിയെത്തിരക്കി ആളുകളെത്തിയത്. നാട്ടിലെ മാക്കറ്റിൽ 200 മുതൽ 300 വരെ വിലവരുന്ന ഉത്പന്നങ്ങൾക്ക് 100 രൂപ മാത്രമാണ് കൃഷ്ണൻകാണി വാങ്ങുന്നത്.
ദിവസവും വീടിന് സമീപത്തെ ആറ്റിൻകരയിൽ നിന്നും ഈറവെട്ടും ഭാര്യ പൊന്നമ്മയും ഒപ്പം കൂടും. ഇപ്പോൾ 68 കാരൻ കൃഷ്ണൻകാണിയും ഭാര്യയും ലോക്ക് ഡൌൺ കാലം വളരെ ബിസിയാണ്.