തിരുവനന്തപുരം: ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കാരണം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാൻ അടിയന്തരശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. എല്ലാവർക്കും സൗജന്യമായി അരിയും ഗോതമ്പും നൽകാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ബാധകമാക്കണം. നിയന്ത്രണ പരിധി കഴിഞ്ഞാലും അനാഥാലയങ്ങൾക്ക് സൗജന്യമായോ അല്ലെങ്കിൽ ഒരു രൂപ നിരക്കിലോ അരിയും ഗോതമ്പും നല്കുന്ന കാര്യം മുഖ്യമന്ത്രി പ്രത്യേകം പരിഗണിക്കണം. സർക്കാർ ഗ്രാന്റ് എല്ലാ സ്ഥാപനങ്ങൾക്കും കുടിശ്ശിക സഹിതം എത്രയും വേഗം നല്കണം. പുതിയവയുടെ അംഗീകാരത്തിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ മാസങ്ങളായി തീരുമാനമാകാതെ കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.