നെടുമങ്ങാട് /പാലോട്:വീടിനു ചുറ്റും കാവ് സൃഷ്ടിച്ച് കൊവിഡ് -19നെ തുരത്താനുള്ള പടപ്പുറപ്പാടിലാണ് നടനും ചിത്രകാരനും കഥാകൃത്തുമായ അസിം പള്ളിവിള. കമ്പകവും കരിമരവും ഇലിപ്പയും ഈഞ്ചയുമുൾപ്പെടെ അന്യം നിന്നുപോയ നൂറോളം വനവൃക്ഷങ്ങൾ ഇതിനകം നട്ടുകഴിഞ്ഞു. മുപ്പത് സെന്റിൽ ഏറിയ ഭാഗവും പ്രമുഖരായ എഴുത്തുകാരുടെ ഓർമ്മ മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.ബാല്യത്തിൽ റേഡിയോയിൽ കേട്ടു പരിചയിച്ച ' ദേവദാരു പൂത്തു, മനസിൻ താഴ്‌വരയിൽ 'എന്ന പാട്ടിന്റെ രചയിതാവായ വയലാറിന്റെ സ്‌മരണയ്ക്കായി ദേവദാരു നട്ടുകൊണ്ടാണ് സാഹിത്യ സപര്യയിലെ പുതുവഴിക്ക് അസിം പള്ളിവിള തുടക്കമിട്ടത്. ഈ കലാകാരന്റെ കൊവിഡ് പ്രതിരോധമാണ് ഈ സമയത്തെ കാവ് നടീൽ.വീടൊഴികെയുള്ള സ്ഥലമാകെ മരങ്ങളും മുളങ്കാടും കാട്ടുവള്ളികളും പന്തലിച്ചു കിടപ്പാണ്.മൺതിട്ടയിലെ മാളങ്ങളിൽ ഇഴജന്തുക്കൾ ഉണ്ടാവില്ലേ എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്‌മരിപ്പിക്കുന്ന മറുപടി. അവരും ഭൂമിയുടെ അവകാശികൾ അല്ലേ എന്ന്. മൺമറഞ്ഞ എഴുത്തുകാരുടെ ഓർമ്മ മരങ്ങൾക്ക് കീഴിലിരുന്ന് ഒരു ഡസനോളം പുസ്‌തകങ്ങളെഴുതിയ അസിം അറിയപ്പെടുന്ന സീരിയൽ താരവുമാണ്. ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും തന്റെ പുതിയ പുസ്‌തകം പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അസിം.
സാഹിത്യകാർക്ക് ഇടം നൽകി ഒാർമ്മ മരങ്ങൾ
ആശാൻ വീണപൂവിന് പിറവി നൽകിയ കായിക്കര വിദ്യാലയാങ്കണത്തിലെ ചെമ്പക മരത്തിൽ നിന്ന് ഇറുത്തെടുത്ത ശിഖരം പള്ളിവിള വീടിന്റെ പ്രധാന വാതിലിനു ഇരുവശത്തുമായി തലയുയർത്തി നിൽപ്പുണ്ട്.കോവിലന്റെ തട്ടകം വായിച്ച് ആവേശം കൊണ്ട് നട്ടുപിടിപ്പിച്ച അശോകമരവും ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒ.വി. വിജയൻ മാഷിന്റെ പേരുചാർത്തിയ സർവസുഗന്ധിയും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരവും മാധവിക്കുട്ടിയുടെ നീർമാതളവുമടക്കം 80ഓളം ഓർമ്മ മരങ്ങളാണ് വീടിനുചുറ്റും ഇടംപിടിച്ചിരിക്കുന്നത്.
കാവ്‌വത്കരണം
അകാലത്തിൽ പൊലിഞ്ഞ പരിസ്ഥിതി പ്രവർത്തകൻ ഡോ. കമറുദീന്റെ ആഗ്രഹപ്രകാരം പുരയിടത്തിൽ ഒരു ഭാഗം കാവ് വത്കരണത്തിനായി നീക്കി വച്ചിരിക്കുകയാണ്. കൊവിഡ് -19 ഭീതി പരത്തുന്നതിനാൽ കാവ് നടീലിന് അനുയോജ്യമായ സമയം ഇതാണെന്ന് അസിം പറയുന്നു.