തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നഗരത്തിൽ വാഹനപരിശോധന നടത്തുന്ന പൊലീസുകാർക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. രംഗ ഇവന്റ് മാനേജ്മെന്റ് കമ്പനി, ഫെഫ്ക, വി.കെ.വി കാറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റി പൊലീസിനായി പദ്ധതി ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ചടങ്ങ് എ.ഡി.ജി.പി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. രാവിലെ ജ്യൂസും സ്നാക്സും, വൈകിട്ട് ചായയും സ്നാക്സും എന്ന രീതിയിലാണ് വിതരണം. എ.ഡി.ജി.പിയുടെ മേൽനോട്ടത്തിലാണ് ലഘുഭക്ഷണമെത്തിക്കുന്നത്. രംഗ ഇവന്റ്സിന്റെയും വി.കെ.വി കാറ്റേഴ്സിന്റെയും നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുൻപ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഫെഫ്കയുടെ പങ്കാളിത്തത്തോടെ ഇന്നലെ മുതലാണ് വിതരണം വിപുലപ്പെടുത്തിയത്. പൊലീസിന്റെ സഹായവും വിതരണത്തിനുണ്ട്. എല്ലാ ദിവസവും ഏകദേശം 500 പൊലീസുകാർക്കാണ് ഇത്തരത്തിൽ ഭക്ഷണമെത്തിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കായി അദ്ധ്വാനിക്കുന്ന പൊലീസുകാർ പട്ടിണിയാകരുത് എന്ന ചിന്തയിൽ നിന്നാണ് പദ്ധതി ആരംഭിച്ചതെന്ന് രംഗ ഇവന്റ്സ് ഉടമ ശ്യാം പറഞ്ഞു.