തിരുവനന്തപുരം: സാലറി ചലഞ്ചിനോട് സഹകരിക്കുമെന്നും എന്നാൽ, നിർബന്ധിത പിരിവ് അംഗീകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജീവനക്കാർ അവരുടെ കഴിവിനൊത്ത് സഹകരിക്കും. ധനമന്ത്രിയുടെ ഭീഷണിയും ഗുണ്ടാപ്പിരിവും നടക്കില്ല. ഇത് കേരളമാണ്. ഗുണ്ടാപ്പിരിവെന്ന് പറഞ്ഞത് ഹൈക്കോടതിയാണ്. സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് യു.ഡി.എഫ് പറഞ്ഞപ്പോൾ ധനമന്ത്രി തലയിൽ കയറുകയാണ്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നത്. അത് തന്ത്രമാണോയെന്ന് സംശയമുണ്ട്.
ആരോഗ്യപ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ്, കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന റവന്യൂ ജീവനക്കാർ, , ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണം. ആരോഗ്യപ്രവർത്തകർ,പൊലീസുകാർ തുടങ്ങിയവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെന്റീവായി നൽകണം.
പ്രളയകാലത്ത് വലിയ സാമ്പത്തി കനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഇപ്പോൾ അത്തരമൊരു സ്ഥിതിവിശേഷമല്ല. പ്രളയകാലത്ത് സാധാരണക്കാരുടെ സംഭാവന സർക്കാർ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് വലിയ പരാതിയുണ്ടായി. കൊവിഡ് പ്രതിരോധത്തിന് ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. സി.എം.ഡി.ആർ.എഫ് മുഖ്യമന്ത്രിക്ക് മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഫണ്ടാണ്.കൊവിഡല്ല, അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികനില തകർത്തത്. ധനകാര്യമന്ത്രി മുടിയനായ പുത്രനെപ്പോലെയാണ് പ്രവർത്തിച്ചത്- ചെന്നിത്തല പറഞ്ഞു.