തിരുവനന്തപുരം മതിയായ ആസൂത്രണത്തിന്റെ കുറവും പ്രാദേശിക തലത്തിലെ അഴിമതിയും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചെന്ന് കഴിഞ്ഞെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിക്കപ്പെട്ട പോത്തൻകോട്ടെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ പോലും ജില്ലാ ഭരണകൂടവും മന്ത്രിയും തമ്മിൽ പരസ്യ തർക്കത്തിലാണ്.നിമിഷങ്ങൾ കൊണ്ട് മാറിമറിയുന്ന സർക്കാർ ഉത്തരവുകൾ കാരണം ജനങ്ങൾ ആശങ്കയിലാണ്. കൊവിഡ് പ്രവർത്തനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ടിൽനിന്ന്‌ പണം ചെലവഴിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടും കമ്യൂണിറ്റി കിച്ചണുകൾക്ക് ആവശ്യമായ പണമില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല. വരാൻപോകുന്ന തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ പറ്റിയ അവസരമായി കൊറോണക്കാലത്തെ മാറ്റാനുള്ള സി.പി.എം നീക്കത്തിനെതിരെ ശക്തമായ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.