covid-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഒൻപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് ഏഴ് പേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കുമാണിതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദുബായിൽ നിന്ന് വന്ന നാല് പേരും ഷാർജ, അബുദാബി, നിസാമുദ്ദീൻ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തരും ഇതിൽപ്പെടുന്നു. സമ്പർക്കത്തിലൂടെ രണ്ട് പേർക്കാണ് രോഗമുണ്ടായത്. രോഗബാധ സ്ഥിരീകരിച്ച 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. 14 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായെങ്കിലും ആശുപത്രി വിട്ടിട്ടില്ല. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന അഞ്ചുപേർ, കാസർകോട്ടെ മൂന്നുപേർ, ഇടുക്കിയിലെ രണ്ടു പേർ, കോഴിക്കോട്ട് രണ്ടു പേർ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് ഒരാൾ വീതവും ഇതിൽ പെടുന്നു.

സംസ്ഥാനത്ത് ആകെ 295 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 42 പേർ രോഗമുക്തി നേടി രണ്ട് പേർ മുമ്പ് മരണമടഞ്ഞു. രോഗലക്ഷണങ്ങളുള്ള 9139 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 8126 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.

സംസ്ഥാനത്ത്

നിരീക്ഷണത്തിൽ - 1,69,997 പേർ

വീടുകളിൽ - 1,69,291 പേർ

ആശുപത്രികളിൽ - 706

ഇന്നലെ ആശുപത്രിയിൽ - 184 പേർ

എല്ലാവരും മാസ്ക്

ധരിക്കണം

സംസ്ഥാനത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ, ആശുപത്രികളിലെത്തുന്നവരും ആരോഗ്യപ്രവർത്തകരും കൊവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുന്നവരുമാണ് മാസ്ക് ധരിക്കണമെന്ന് നിർദേശിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ, മാസ്ക് ധരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാകണം. രോഗം ബാധിക്കാതിരിക്കാൻ മാത്രമല്ല. മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുമാണിത്.

പരിശോധന

വ്യാപകമാക്കും

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ച് നിലവിൽ പനി, തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ വിവിധ ലക്ഷണങ്ങൾ ഉള്ളവരെയാണ് പരിശോധിക്കുന്നത്. ഇനി ഇതിൽ ഏതെങ്കിലുമൊരു

ലക്ഷണമുള്ളവരുടെ സാമ്പിളുകളും പരിശോധിക്കും. റാപ്പിഡ് ടെസ്റ്റും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.