തിരുവനന്തപുരം: കൊവിഡ് വ്യാപനം പരിഗണിച്ച് സംസ്ഥാനത്ത് വായ്പകൾക്ക് ഏർപ്പെടുത്തിയ മോറട്ടോറിയം ലംഘിച്ച് തിരിച്ചടവ് തവണകൾ പിരിക്കാനോ,ജപ്തിപോലുള്ള നടപടികൾക്കോ മുതിർന്നാൽ ദുരന്തനിവാരണ നിയന്ത്രണ നിയമമനുസരിച്ചുള്ള നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ഇത്തരത്തിൽ പെരുമാറുന്നുവെന്ന റിപ്പോർട്ട് വാർത്താസമ്മേളനത്തിൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇതറിയിച്ചത്.
ബാങ്ക് ജീവനക്കാർക്ക്
അഭിനന്ദനം
ശമ്പളം,പെൻഷൻ,കേന്ദ്രാനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്യാൻ സംസ്ഥാനത്തെ ബാങ്കുകൾ പ്രകടിപ്പിച്ച ഉത്തരവാദിത്വബോധത്തെ മുഖ്യമന്ത്രി അനുമോദിച്ചു. ക്ഷേമനിധി പെൻഷനുകളടക്കം ചെറുതും വലുതുമായി തുകകളെടുക്കാൻ ബാങ്കുകളിൽ വൻ തിരക്കാണ്. നിയന്ത്രണങ്ങളെല്ലാം പാലിച്ച് കൂടുതൽ സമയമെടുത്താണ് തുകകളെല്ലാം വിതരണം ചെയ്തത്. വിശ്രമമില്ലാതെ, ക്ഷമയോടെ അത് നിർവ്വഹിച്ചവരോട് സംസ്ഥാനം കടപ്പെട്ടിരിക്കുന്നു..എസ്.എൽ.ബി. സി.യും അഭിനന്ദനമർഹിക്കുന്നു.കേന്ദ്രസർക്കാരിന്റെ 500 രൂപ സഹായം പിൻവലിക്കാൻ അടുത്ത മൂന്ന് ദിവസം ജൻധൻ അക്കൗണ്ടുകാരും കൂട്ടത്തോടെ ബാങ്കുകളിലെത്തും.ഇതിനും ക്രമീകരണമേർപ്പെടുത്തണം.
വിവിധ വിഭാഗങ്ങൾക്ക്
10000 രൂപ വരെ സഹായം
.
*അബ്കാരി തൊഴിലാളി ക്ഷേമനിധി 5000 രൂപയുടെ സഹായവും 10000 രൂപയുടെ പലിശയില്ലാ വായ്പയും.
*മോട്ടോർ തൊഴിലാളി ബോർഡിലെ 9.54ലക്ഷം പേർക്ക് 5000 മുതൽ 1000 രൂപ വരെ സഹായധനം .
*ടോഡി തൊഴിലാളി ബോർഡ് 10000 രൂപയുടെ പലിശയില്ലാവായ്പയും ലോക്ക് ഡൗൺ നീണ്ടാൽ 5000 രൂപയുടെ അധികവായ്പയും .
*ചുമട്ട് തൊഴിലാളി ബോർഡിലെ 2.43 ലക്ഷം തൊഴിലാളികൾക്ക് വിഷുദിനത്തിൽ ബോണസ് നൽകാൻ 30 കോടി . മുൻകൂർ വേതനവും ഇൗ മാസം .
* ഷോപ്പ് ആൻഡ് കമേഴ്സ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഗ്യാസ് ഏജൻസികൾ, കടകൾ, സ്വയംതൊഴിൽ സംരംഭകർ, പെട്രോൾ ബങ്കുകൾ, തുണിക്കടകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 1000 രൂപയുടെ ധനസഹായവും പതിനായിരം രൂപ വായ്പയും ഐസൊലേഷനിൽ കിടന്നവർക്ക് 5000 രൂപയുടെ സഹായവും
*നിർമ്മാണ തൊഴിലാളി ബോർഡ് 200 കോടിയും ബീഡി തൊഴിലാളി ബോർഡ് 2 കോടിയും മാറ്റിവച്ചു.
*പിന്നാക്ക ക്ഷേമനിധി ബോർഡ് മൂന്ന് മാസത്തെ വായ്പാമോറട്ടോറിയം പ്രഖ്യാപിച്ചു.
*കൈത്തറി,കർഷക തൊഴിലാളി, അഡ്വക്കേറ്റ് ക്ളാർക്ക് ക്ഷേമനിധി ബോർഡുകളും സഹായധനം പ്രഖ്യാപിച്ചു.
*സാമ്പത്തിക ബുദ്ധിമുട്ടുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ ധനസഹായം പരിഗണനയിൽ.