local

തിരുവനന്തപുരം:ജില്ലയിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ അമിതവില ഈടാക്കുന്നതായും പൂഴ്ത്തിവയ്ക്കുന്നതായും കണ്ടെത്തി. സ്റ്റാച്യു ജംഗ്ഷനിലെ സ്‌പെൻസർ സൂപ്പർ മാർക്കറ്റ്,കരമന കൈലാസം വെജിറ്റബിൾ സ്റ്റോർ, കരമന ജി മാർട്ട് പ്രൊവിഷണൽ സ്റ്റോർ എന്നിവിടങ്ങളിലാണ് അമിതവില ഈടാക്കുന്നതായി കണ്ടെത്തിയത്.


ആറ്റിങ്ങൽ മാമത്തെ എസ്.എൻ ട്രേഡേഴ്സ്,ബാലരാമപുരം ശബരി സൂപ്പർ ബസാർ എന്നിവയുടെ ഗോഡൗണുകളിലും വിതുര ചെന്നാംപാറ എസ്.പി.കെ സ്റ്റോഴ്സിലും അവശ്യസാധനങ്ങൾ പൂഴ്ത്തിവച്ചിരിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് സിവിൽ സപ്‌ളൈസ് വിഭാഗം പരിശോധിച്ച് നടപടി സ്വീകരിച്ചു.


വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ ദക്ഷിണമേഖല പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റിലെ പൊലീസ് ഇൻസ്‌പെക്ടർമാരായ എം.പ്രസാദ്, എസ്.ഷാജകുമാർ, റ്റി.എസ് സനിൽകുമാർ, എസ്.സനൽ കുമാർ എന്നിവർ പങ്കെടുത്തു.