തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭർത്താവ് മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വീട്ടമ്മയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നൽകണം.
തിരുവനന്തപുരം പേരയം ഷീബാ ഭവനിൽ ഷീബയ്ക്ക് ധനസഹായം അനുവദിക്കാനാണ് കമ്മിഷൻ നിർദ്ദേശം . 2019 ജൂലായ് നാലിന് നെടുമങ്ങാടിനു സമീപത്തെ കടയിൽനിന്ന് പച്ചക്കറി വാങ്ങുന്നതിനിടെയാണ് ഷീബയുടെ ഭർത്താവ് ചന്ദ്രൻ ബസിടിച്ച് മരിച്ചത്. മകൻ ആരോമലിന് ഗുരുതരമായി പരിക്കേറ്റു. ചന്ദ്രന്റെ പേരിൽ കെ.എസ്.എഫ്.ഇ ചുള്ളിമാനൂർ ശാഖയിലുള്ള 8 ലക്ഷം രൂപയുടെ ഭവന വായ്പയിൽ പരമാവധി ഇളവുകൾ നൽകി വായ്പ തീർപ്പാക്കണമെന്ന് കമ്മിഷൻ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർക്കും നിർദ്ദേശം നൽകി.