തിരുവനന്തപുരം: സർക്കാരിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 52 പേർക്കെതിരെയും അനാവശ്യ യാത്ര ചെയ്ത 102 പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടതൽ കേസ് രജിസ്റ്റർ ചെയ്തത് വിഴിഞ്ഞം, ഫോർട്ട്, കരമന സ്റ്റേഷനുകളിലാണ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. 111 ഇരുചക്ര വാഹനങ്ങളും 8 ആട്ടോറിക്ഷകളും 4 കാറുകളുമാണ് പിടിച്ചെടുത്തത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ 19 കേസുകൾ രജിസ്റ്റർ ചെയ്തു. കന്റോൻമെന്റ് സ്റ്റേഷനിൽ- 9, മ്യൂസിയം- 6, പേരൂർക്കട 6, വട്ടിയൂർക്കാവ് - 3, തമ്പാനൂർ -3,കോവളം- 6 എന്നിങ്ങനെയാണ് അറസ്റ്റു ചെയ്തത്.
റേഷൻ വിതരണവും പെൻഷൻ വിതരണവും നടക്കുന്നതിനാൽ കൂടുതൽ ആൾക്കാർ പുറത്തിറങ്ങുന്ന ഈ സാഹചര്യത്തിലും പൊലീസിന്റെ നിരന്തരമായുള്ള നിർദ്ദേശങ്ങളും അറിയിപ്പുകളും അവഗണിച്ച് പുറത്തിറങ്ങി സഞ്ചരിച്ചവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചതെന്നും വരും ദിവസങ്ങളിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.