തിരുവനന്തപുരം: ലോക്ഡൗൺ അവസാനിച്ചാൽ ഉടൻ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിക്കുമെന്നു സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സൈബർ പൊലീസിനു പരാതി നൽകി. ലോക്ഡൗൺ അവസാനിച്ച ശേഷം എന്തു ചെയ്യണമെന്നു കേന്ദ്റ, സംസ്ഥാന സർക്കാരുകൾ പോലും തീരുമാനിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ രണ്ടു പരീക്ഷയുടെയും ടൈംടേബിൾ ഉൾപ്പെടെ പ്റചരിപ്പിച്ചു ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പറഞ്ഞു.
16 മുതൽ പരീക്ഷ നടത്തുമെന്ന വ്യാജ ടൈംടേബിളാണു പ്റചരിപ്പിക്കുന്നത്. കോവിഡ് ഭീഷണി പൂർണമായും ഒഴിവായ ശേഷമേ രണ്ടു പരീക്ഷകളും നടത്തുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും സർവകലാശാലകളും മറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുമാണ്. എന്നാൽ ഇപ്പോൾ പ്റചരിക്കുന്ന വ്യാജരേഖയിൽ സർവകലാശാലാ പരീക്ഷകളുടെ തീയതി പിന്നീടു പ്റഖ്യാപിക്കുമെന്നും ചേർത്തിട്ടുണ്ട്.