തിരുവനന്തപുരം. കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അതീവജാഗ്രത പുറപ്പെടുവിച്ച പോത്തൻകോട്ടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് റാപ്പിഡ് ടെസ്റ്ര് നടത്തും. റാപ്പിഡ് ടെസ്റ്റിന്റെ ഫലത്തിൽ നിന്നു മാത്രമേ പോത്തൻകോട് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകുകയുള്ളൂ. ശശി തരൂർ എം.പി ഫണ്ടിൽ നിന്നും 1000 റാപിഡ് ടെസ്റ്റ് കിറ്രുകൾ അനുവദിച്ചു. ഇത് ഇന്നലെത്തന്നെ ഇവിടെ എത്തിച്ചു. സർക്കാർ നിർദ്ദേശപ്രകാരം അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 9 വരെ മാത്രമേ പ്രവർത്തിച്ചുള്ളൂ. ആരെയും അനാവശ്യമായി പുറത്തിറങ്ങാനും വാഹനങ്ങളിൽ സഞ്ചരിക്കാനും അനുവദിച്ചില്ല. റേഷൻകടകളും മെഡിക്കൽ ഷോപ്പുകളും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇന്നലെ പ്രവർത്തിച്ചത്. പല കടകളിലും തിരക്ക് കുറവായിരുന്നു. പൊലീസും ആരോഗ്യപ്രവർത്തകരും പഞ്ചായത്തിലെ എല്ലാ പ്രദേശത്തും നിരീക്ഷണവും സുരക്ഷയും കർശനമാക്കി. സർക്കാരുമായി കൂടിയാലോചിച്ച ശേഷമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവൂ എന്ന് മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. നഗരസഭയുടെയും ആഭിമുഖ്യത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

സംശയമുള്ളവരുടെ ശ്രവങ്ങൾ പരിശോധിച്ചതിന്റെ ഫലങ്ങൾ ഇന്ന് ലഭിക്കും. പോത്തൻകോട് പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കർശനമാക്കി.