tomb

ബീജിംഗ്: കൊവിഡിന്റെ പിടിയിൽ നിന്നും പൂർണമായി കരകയറിയിട്ടില്ല ചൈന ഇതുവരെ. എങ്കിലും തങ്ങളുടെ മരിച്ചു പോയ പൂർവികർക്ക് ആദരമർപ്പിക്കുന്ന ചടങ്ങിന് ചൈനക്കാർ ഒരു മുടക്കവും വരുത്തുന്നില്ല. ഇത്തവണ എല്ലാം ഡിജിറ്റൽ ആയിട്ടാണെന്നൊരു വ്യത്യാസമേ ഉള്ളു. ക്വിംഗ്‌മിംഗ് ഡേ, ടോമ്പ് സ്വീപിംഗ് ഡേ തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ദിവസമാണ് ഇന്ന്. ചൈനക്കാരെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ നിറഞ്ഞ ദിവസം. സുഹൃത്തുക്കൾ, ബന്ധുക്കൾ, വളർത്തുമൃഗങ്ങൾ എന്നിങ്ങനെ തങ്ങളുടെ മരിച്ചു പോയ പ്രിയപ്പെട്ടവരുടെയെല്ലാം കല്ലറ സന്ദർശിക്കുകയും കല്ലറയും ചുറ്റുപാടും വൃത്തിയാക്കി ബഹുമാനമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നാണ് ചൈനീസ് സർക്കാരിന്റെ നിർദ്ദേശം.

ഇതനുസരിച്ച് ചില സെമിത്തേരികൾ നിശ്ചിത ആളുകൾക്കായി ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. മറ്റു സെമിത്തേരികളാകട്ടെ സന്ദർശകർക്ക് പൂർണ വിലക്ക് പ്രഖ്യാപിച്ചു. എന്നാൽ, ചിലയിടങ്ങളിൽ ചൈനയുടെ പരമ്പരാഗത ആഘോഷത്തിന് മങ്ങലേൽക്കാതിരിക്കാൻ ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

ക്വിംഗ്‌മിംഗ് ഫെസ്റ്റിവൽ

ചൈനീസ് കലണ്ടർ അനുസരിച്ച് മൺമറഞ്ഞുപോയവർക്കുള്ള ദിവസമാണിത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കല്ലറകൾ വൃത്തിയാക്കുകയും ചന്ദനത്തിരിയും പേപ്പർ കൊണ്ട് നിർമിച്ച വസ്തുക്കളും കത്തിക്കുകയും ചെയ്യും. പേപ്പർ നോട്ടുകൾ മുതൽ പേപ്പർ വീടുകൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. തങ്ങൾ കത്തിക്കുന്ന ഈ പേപ്പർ വസ്തുക്കൾ മരിച്ചുപോയവർക്ക് ലഭിക്കുമെന്നാണ് ചൈനീസ് വിശ്വാസം.

ഓൺലൈനിലൂടെ

ഇത്തവണ ക്വിംഗ്‌മിംഗ് ഫെസ്റ്റിവൽ ഓൺലൈനായിട്ടാണ് ചൈനക്കാർ ആഘോഷിക്കുന്നത്. ഇതിനായി വെബ്സൈറ്റുകൾ ലഭ്യമാണ്. ഈ കമ്പനികൾ ഓർഡർ അനുസരിച്ച് ഉപഭോക്താക്കൾക്ക് വേണ്ടി കല്ലറകൾ വൃത്തിയാക്കി പൂക്കൾ അർപ്പിക്കുകയും സുഗന്ധ ദ്രവ്യങ്ങൾ കത്തിക്കുകയും ചെയ്യുന്നു. ലൈവ് സ്ട്രീമിംഗിലൂടെ ഇത് കാണുകയും ചെയ്യാം. ചില സൈറ്റുകൾ ഇതിന്റെ ഫോട്ടോ അയച്ചു നൽകും.

വുഹാനിൽ

2,559 പേരാണ് കൊവിഡ് ബാധിച്ച് വുഹാനിൽ മരിച്ചത്. കൊറണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാൻ ഇപ്പോഴും ലോക്ക്ഡൗണിൽ തുടരുകയാണ്. ഏപ്രിൽ 8ന് ലോക്ക്ഡൗൺ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വുഹാനിലെ സെമിത്തേരികൾ ഏപ്രിൽ 30 വരെ അടഞ്ഞുകിടക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മരിച്ചവർക്ക് ആദരമർപ്പിക്കാനുള്ള ചടങ്ങുകൾ നടത്താൻ പിന്നീട് ഏകീകൃതമായ സംവിധാനമൊരുക്കും.