ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇരുന്നൂറോളം വിദേശപ്രതിനിധികൾ ഒളിവിലാണെന്ന് ഡൽഹിപൊലീസ്.ഇവരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും ആരാധനാലയങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തേണ്ടിവരും എന്നുമാണ് പൊലീസ് പറയുന്നത്. നിരീക്ഷണത്തിന് തയ്യാറാവണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പരിശോധനയ്ക്ക് എത്താതെ ഇവർ ഇപ്പോഴും ഡൽഹിയിലെ പലഭാഗങ്ങളിലായി പ്രാദേശിക സഹായത്തോടെ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം. പതിനാറ് ആരാധനാലയങ്ങളിൽ ഇവർ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് കരുതുന്നത്. സംശയിക്കുന്ന സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.
സമ്മേളനത്തിൽ പങ്കെടുത്ത 647പേർക്ക് രണ്ടുദിവസങ്ങളിലായി രോഗ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ ഇരുപത്തെട്ടുശതമാനവും സമ്മേളനത്തിൽ പങ്കെടുത്തവരാണ്.സമ്മേളത്തിൽ പങ്കെടുത്ത് രോഗംബാധിച്ച് 12പേർ ഇതിനോടകം മരിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കുകയാണ്. തമിഴ്നാട്ടിൽ നാലുദിവത്തിനിടയിൽ മുന്നൂറോളംപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏറെയും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവാരണെന്നാണ് റിപ്പോർട്ട്. നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയ 58കാരൻ ഇന്നുരാവിലെ സേലത്ത് മരിച്ചിരുന്നു.എന്നാൽ ഇയാൾക്ക് രോഗമുണ്ടോ എന്ന് വ്യക്തമല്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.