മുംബയ് : രാജ്യത്തെ ഏറ്റവും വലിയ ചേരിയായ മുംബയ് ധാരാവിയിൽ കോവിഡ് മൂലം മരിച്ചയാൾ വൈറസ് ബാധിതനായത് കേരളത്തിൽ നിന്നെത്തിയ മലയാളികളിൽ നിന്നാണെന്ന് മുംബയ് പൊലീസ്. 56 വയസുകാരനാണ് ഇവിടെ രോഗംബാധിച്ച് മരിച്ചത്.ഇയാൾക്ക് രോഗം ബാധിച്ചത് കേരളത്തിൽ നിന്നുള്ളവരിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ ചില മലയാളികൾ മുംബയിൽ എത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മുംബയിൽ ഇവർ ധാരാവിയിലാണ് താമസിച്ചത്.
മരിച്ചയാൾ വാടകയ്ക്ക് നൽകിയ വീട്ടിലാണ് ഇതിൽ പത്തുപേർ കഴിഞ്ഞത്. ഇവരിൽ നാലുപേർ മലയാളികളാണ്. ഇവിടെവച്ചുള്ള സമ്പർക്കത്തിലൂടായാവാം രോഗം പകർന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ധാരാവിയിൽ എത്ര മലയാളികൾ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. വിവരം കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. മലയാളികൾ ധാരാവിയിൽ എത്തിയത് എന്തിനാണെന്ന് അന്വേഷിക്കുമെന്നും ഇവർ കേരളത്തിലെ ഏത് ജില്ലയിലേക്ക് പോയതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു.