കാണാനാവാത്ത ഒരു സൂക്ഷ്മാണു നൽകിയ എട്ടിന്റെ പണി സന്തോഷപൂർവം ഏറ്റുവാങ്ങി മുന്നോട്ട് പോകുകയാണ് നമ്മൾ മലയാളികൾ. കുഞ്ഞുകുട്ടി പരാധീനതകളുമായി വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞോളാനാണ് നോവൽ കൊറോണ വൈറസ് കല്പിച്ചിരിക്കുന്നത്. പരിഷ്കാരികളായത് കൊണ്ട് നമ്മളതിനെ ലോക്ക്ഡൗൺ എന്ന് ഓമനപ്പേരിട്ട് വിളിച്ചുവെന്ന് മാത്രം.
കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയേണ്ടി വന്നത് കൊണ്ടുതന്നെ വിത്ഡ്രോവൽ സിൻഡ്രം ബാധിച്ച നിലയിലാണ് പല ദേഹങ്ങളും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സ്ഥിരമായി ശീലിച്ചുവന്നത് ചെയ്യാനാവാതെ വന്നാലുള്ള കൈവിറയൽ, ആത്മഹത്യ ചെയ്യണമെന്ന തോന്നൽ, വെപ്രാളം, നാടൻപ്രാന്ത് എന്നിങ്ങനെയുള്ള അവസ്ഥയാണത്രെ ഈ വിത്ഡ്രോവൽ സിൻഡ്രം.
ഒരു മാതിരിപ്പെട്ട സിൻഡ്രം ഒന്നും എത്തിപ്പിടിക്കാത്ത ദേഹമായിരുന്നു നമ്മുടെ ചെന്നിത്തല ഗാന്ധിയുടേത് എന്ന് ചോമ്പാൽ മുല്ലപ്പള്ളി ഗാന്ധി പോലും സമ്മതിച്ചുതരുന്ന നഗ്നസത്യമാണ്. പക്ഷേ ആ ദേഹത്തെയും വിത്ഡ്രോവൽ സിൻഡ്രം പിടികൂടിയിരിക്കുന്നു എന്ന് വന്നാലെന്താണ് സ്ഥിതി. കൊറോണ വൈറസ് ഒറ്റയൊരുത്തൻ വരുത്തിവച്ച വേലയാണ് ഇത് എന്ന് പിണറായി ഇന്റലിജന്റ്സ് വിഭാഗം സൂചിപ്പിക്കുന്നു.
കൊറോണ ഇന്നാട്ടിൽ കാല് കുത്തുന്നത് വരെ ചെന്നിത്തലഗാന്ധിയുടെ ജീവിതം സുഭിക്ഷമായിരുന്നു. ദിവസം മൂന്ന് നേരം പിണറായി സഖാവിന് തുറന്ന കത്തുകൾ, നാല് വീതം പ്രസ്താവനകൾ, പിന്നെ വീണിടം വിഷ്ണുലോകം എന്ന കണക്കെ പോകുന്നിടത്തെല്ലാം വാർത്താസമ്മേളനം എന്നതായിരുന്നു സ്ഥിതി. പിണറായി സഖാവിന്റെ വാക്കുകൾ കടമെടുത്താൽ ചാനലുകാർ കോലെടുത്ത് നീട്ടിവച്ച് ശല്യമുണ്ടാക്കുന്ന ഏർപ്പാട് ചെന്നിത്തലഗാന്ധിയുടെ അടുത്ത് ചെലവാകാറില്ല. അതിനുള്ള അവസരമേ അദ്ദേഹം ഉണ്ടാക്കാറില്ല. വഴിയേ പോകുന്ന കോലുകാരെ കൈകൊട്ടി വിളിച്ച് അടുത്തിരുത്തി നാല് വർത്തമാനം പറയുന്നതാണ് ശീലം. അത് പറഞ്ഞുകഴിയുമ്പോൾ ആ മുഖത്ത് തെളിയുന്ന പാൽപ്പുഞ്ചിരി ആരെയും വശീകരിച്ചുകളയും എന്നാണ് അനുഭവസ്ഥർ പറയുന്നത്.
ആ പതിവിനാണ് കൊറോണ ഭീകരൻ തടയിട്ട് കളഞ്ഞത്. നാട്ടിലാണെങ്കിൽ കൊറോണയല്ലാതെ മറ്റൊന്നും കാണാനോ കേൾക്കാനോ ഇല്ല. പിണറായി സഖാവാകട്ടെ, കൊറോണ കാൽ കുത്തിയതിൽപ്പിന്നെ ദിവസേന ചാനൽ കോലുകാരെ വിളിപ്പാടകലെ ഇരുത്തി നാട്ടുവർത്തമാനം പറഞ്ഞ് രസിക്കുന്നു. ദിവസേന ചാനൽകോലുകാരെ അടുത്തെത്തിക്കാനാവാത്തതിൽ ചെന്നിത്തല ഗാന്ധിക്കുള്ള വെപ്രാളവും വിറയലും കാരണം കന്റോൺമെന്റ് ഹൗസ് തന്നെ കുലുങ്ങിയിളകുന്നതായാണ് അവിടെയുള്ള ചില അന്തേവാസികൾ വെളിപ്പെടുത്തിയത്. പിണറായി ആനപ്പുറത്ത് കയറിയിട്ടുണ്ടെങ്കിൽ ചെന്നിത്തല കുറഞ്ഞപക്ഷം കുതിരപ്പുറത്ത് കയറേണ്ടതാണ്! അതുകൊണ്ടാണ് അദ്ദേഹം പിണറായി സഖാവിന് ബദലായി ഒന്നിടവിട്ട ദിവസങ്ങളിൽ വാർത്താസമ്മേളനം വിളിക്കുന്നത്. അതിലൊരു ബുദ്ധിമുട്ടും ആർക്കുമുണ്ടാവേണ്ട.
** *
സ്ഥിരം മദ്യപാനിക്ക് കുറിപ്പടി കൊടുക്കാൻ ഡോക്ടർമാരുടെ സംഘടന വിസമ്മതിച്ചിരിക്കുന്നു. ചില മദ്യാനുകൂലികൾ ഡോക്ടർമാരുടെ സംഘടനയെ ദോഷൈകദൃക്കുകളായി ചിത്രീകരിക്കുന്നുണ്ട്. അതെന്ത് കൊണ്ടെന്ന് മനസ്സിലാവുന്നില്ല. ഏതെങ്കിലും പാവപ്പെട്ടവനെ കാറിടിച്ച് കൊല്ലുന്ന താടിവച്ച ഐ.എ.എസുകാരനുണ്ടെങ്കിൽ പുമാന് റിട്രോഗ്രേഡ് അംനേഷ്യ ബാധിച്ചിട്ടുണ്ട് എന്നെഴുതിക്കൊടുക്കാൻ മാത്രമാണ് മെഡിക്കൽ എത്തിക്സിൽ പറയുന്നത്.
റിട്രോഗ്രേഡ് അംനേഷ്യ പിടികൂടിയയാൾക്ക് തൊട്ടുമുമ്പ് ചെയ്തത് ഓർമ്മ കാണില്ലെന്നാണ് പറയുന്നത്. കൊവിഡ് വൈറസിനെ പൂട്ടാൻ നിയോഗിക്കാൻ ഏറ്റവും പറ്റിയത് റിട്രോഗ്രേഡ് അംനേഷ്യക്കാരാണ് എന്ന് പിണറായിസഖാവിന് ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. കൊറോണ വൈറസോ, അതാരാ! എന്നും ചോദിച്ച് മുന്നിലൊരുത്തൻ നിൽക്കുന്നത് കണ്ടാൽ കൊവിഡ് വൈറസ് അന്തംവിടുമെന്നതിൽ തർക്കമില്ല. ട്രംപിനെ പോലും വിറപ്പിച്ച തന്നോട്, മുന്നിൽ വന്ന് നിന്ന് ചോദിക്കാൻ ധൈര്യമുള്ളവനോ എന്ന് കൊവിഡ് ചിന്തിക്കും. പേടിച്ച് ചിലപ്പോൾ അപ്പോൾ തന്നെ കൊവിഡ് പറക്കുംതളികയിലേറി പറന്നേക്കാനും മതി. അതുകൊണ്ട് കൂടുതൽ റിട്രോഗ്രേഡ് അംനേഷ്യക്കാരെ കണ്ടെത്തുന്നത് ഇത്തരുണത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കും.
.................................
ഇ-മെയിൽ: dronar.kerala
kaumudi@gmail.com