പാലോട്: പെരിങ്ങമ്മല ചിറ്റൂർ ജമാഅത്ത് പള്ളിയിൽ ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം നടത്തിയ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റും സെക്രട്ടറിയും ഉൾപ്പെടെ 11 പേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല തെന്നൂർ സ്വദേശികളായ ബഷീർ, ഷമിം, റഷീദ്, അബ്ദുൾ റൗഫ്, മുഹമ്മദ് റിയാസ്, ഷാജഹാൻ, നസ്സിം, ബുഹാരി, സജീർ, മൂസാ കുഞ്ഞ്, നിസ്സാർ മുഹമ്മദ് സുൽഫി എന്നിവരെയാണ് പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇവരെ ജാമ്യത്തിൽ വിട്ടു.

എന്നാൽ മഗ്രിബ് നമസ്കാരത്തിന് അനുമതി ഇല്ലാതെ പള്ളിയിലെത്തിയ ഒൻപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് പള്ളികമ്മിറ്റി ഭാരവാഹികളായ നിസ്സാർ മുഹമ്മദ് സുൽഫിയും മൂസാ കുഞ്ഞും അറിയിച്ചു. പ്രസിഡൻറും ജനറൽ സെക്രട്ടറിയും ഈ സമയം പള്ളിയിൽ ഇല്ലായിരുന്നു. സർക്കാർ നിർദ്ദേശം അനുസരിച്ച് പ്രാർത്ഥനക്ക് പള്ളിയിൽ അനുമതി നൽകിയിരുന്നില്ലെന്നും ജമാഅത്ത് ഭാരവാഹികളുടെ ഭാഗം കേൾക്കാതെയാണ് പൊലീസ് കേസെടുത്തതെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും അവർ അറിയിച്ചു. വളരെയധികം നിയന്ത്രണങ്ങൾ പള്ളിയിൽ ഏർപ്പെടുത്തിയിട്ടും സംഭവിച്ച അപാകതയിൽ ഖേദിക്കുന്നതായും കുറ്റക്കാരായ അംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.