കല്ലമ്പലം: പ്രളയക്കാലത്ത് നാടിന്റെ രക്ഷക്കായി സൈക്കിൾ വാങ്ങാൻ കുടുക്കയിൽ ഇട്ടു കൂട്ടിയ നാണയ തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാടിന് മാതൃകയായ കരവാരം തോട്ടക്കാട് മാങ്കോട്ട് വീട്ടിൽ പ്രശാന്തന്റെയും ശാലിനിയുടെയും ഇരട്ടക്കുട്ടികളായ പ്രണവും, പ്രിജിത്തും കമ്മ്യൂണിറ്റി കിച്ചണിലേക്ക് 50 കിലോ അരി സംഭാവന നൽകി. കരവാരം പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായം ചെയ്യണമെന്ന ആഗ്രഹം അവർ രക്ഷിതാക്കളോട് പങ്കുവയ്ക്കുകയും തുടർന്ന് ഇവർ സ്വരൂപിച്ച തുകയും മാതാപിതാക്കൾ നൽകിയ സഹായവും ചേർത്ത് വാങ്ങിയ 50 കിലോ അരി പഞ്ചായത്തിൽ നൽകുകയായിരുന്നു. കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസും സെക്രട്ടറി ശ്രീലേഖയും ചേർന്ന് സംഭാവന ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, മെമ്പർമാരായ സുനി പ്രസാദ് , ഇല്ല്യാസ്, കരവാരം ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ് , അഡ്വ എസ്.എം. റഫീക്ക്, മുജീബ് തുടങ്ങിയവർ പങ്കെടുത്തു.