സംസ്ഥാനത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളിലൊന്നായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ രോഗികളായ വയോദമ്പതികൾ പൂർണമായി സുഖം പ്രാപിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞ ദിവസം വസതിയിലേക്കു മടങ്ങിയത് ഈ മഹാമാരിക്കെതിരെ യുദ്ധസമാനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ലോകത്തിനു മുഴുവൻ സന്തോഷം പകരുന്ന കാര്യമാണ്. റാന്നി ഐത്തല സ്വദേശിയായ തോമസ് എബ്രഹാമും പത്നി മറിയാമ്മ തോമസും മെഡിക്കൽ ചരിത്രത്തിൽ ശ്രദ്ധ നേടുന്നത് അവരുടെ പ്രായം വച്ചുകൊണ്ടാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും 93 കാരനായ തോമസ് എബ്രഹാമും 87 കാരിയായ അദ്ദേഹത്തിന്റെ പത്നിയും രോഗത്തെ പൊരുതി തോല്പിക്കുകയായിരുന്നു. ഇതിനു സമാനമായ മറ്റൊന്ന് ലോകത്ത്ചൂണ്ടിക്കാണിക്കാനില്ല എന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്. അറുപതു കഴിഞ്ഞവർക്ക് രോഗം പിടിപെട്ടാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിദഗ്ദ്ധ മതം. തൊണ്ണൂറ്റിമൂന്നും എൺപത്തേഴും പ്രായമുള്ള റാന്നിയിലെ വയോദമ്പതികൾ അത്യപൂർവവും പ്രചോദിതവുമായ ചരിത്രത്തിനുടമകളായിരിക്കുകയാണ്. ഇവരെ ആശുപത്രിയിൽ പരിചരിക്കുക വഴി രോഗം പിടിപെട്ട നഴ്സ് രേഷ്‌മാ മോഹൻദാസും വിദഗ്ദ്ധ ചികിത്സയിൽ സുഖം പ്രാപിച്ച് വയോദമ്പതികൾക്കൊപ്പം ആശുപത്രി വിട്ടതും ഈ മഹാമാരിയുടെ ഇരുൾ മൂടിയ അന്തരീക്ഷത്തിൽ ഉറ്റവർക്കും നാടിനൊന്നാകെയും ആഹ്ളാദം പകരുന്നു.
ഇരുപത്തഞ്ചു ദിവസം നീണ്ടുനിന്ന തീവ്ര ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായിട്ടാണ് വയോദമ്പതികൾ പുതുജീവിതത്തിലേക്ക് മടങ്ങുന്നത്. ഈ നേട്ടം സാദ്ധ്യമാക്കിയ കോട്ടയം മെഡിക്കൽ കോളേജ് കൊവിഡ് യൂണിറ്റിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും വാക്കുകൾക്കതീതമായ പ്രശംസയും കൃതജ്ഞതയും അർഹിക്കുന്നവരാണ്. ലോകത്തിനു മുന്നിൽ കേരളത്തിന് ചൂണ്ടിക്കാട്ടാൻ മറ്റൊരു വലിയ ആരോഗ്യ മാതൃകയായി മാറിയിരിക്കുകയാണ് തോമസും മറിയാമ്മയും രേഷ്‌മയും. പതിനാലു ദിവസം കൂടി ക്വാറന്റൈനിൽ കഴിഞ്ഞശേഷം കൊവിഡ് രോഗികളെ പരിചരിക്കാൻ വീണ്ടും ആശുപത്രിയിലെത്തുമെന്നു പറഞ്ഞാണ് രേഷ്‌മ വീട്ടിലേക്കു മടങ്ങിയത്. ആതുരസേവന രംഗത്ത് രേഷ്‌മയെപ്പോലുള്ള മാലാഖമാരുടെ ഹൃദയസ്പർശിയായ ഒട്ടേറെ ജീവിതങ്ങൾ നമുക്ക് മുന്നിലുണ്ട്. രണ്ടുവർഷം മുൻപ് കോഴിക്കോട് നിപ്പ ചികിത്സയ്ക്കിടെ സ്വന്തം ജീവൻ നൽകേണ്ടിവന്ന ലിനി ഇന്നും മലയാളികളുടെ മനസിലുണ്ട്. കൊവിഡ് പത്തിവിരിച്ചാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ധാരാളം മലയാളി നഴ്‌സുമാർ വിശ്രമമില്ലാതെ ജോലിചെയ്യുന്നുണ്ട്. അവരുടെ സ്തുത്യർഹമായ സേവനത്തെ ലോക രാജ്യങ്ങൾ അകമഴിഞ്ഞ് വാഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ പൊതുവേയും കേരളത്തിൽ പ്രത്യേകിച്ചും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി കൊവിഡ് വ്യാപനം തടഞ്ഞുനിറുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗികൾ വർദ്ധിച്ചത് ഉത്കണ്ഠ ജനിപ്പിക്കുന്നു. മുംബയിലെ ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ കൊവിഡ് പിടിപെട്ട നാലുപേർ ആശുപത്രിയിലെത്തിയത് ഒട്ടൊന്നുമല്ല ആരോഗ്യ പ്രവർത്തകരെ പരിഭ്രാന്തരാക്കുന്നത്. പത്തുലക്ഷത്തിലേറെയാണ് ധാരാവിയിലെ ജനസംഖ്യ.
കേരളത്തിൽ കേന്ദ്രം ഏഴ് ജില്ലകളെയാണ് തീവ്രരോഗസാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ കാസർകോട് ഒഴികെ മറ്റു ആറു ജില്ലകളിലും താരതമ്യേന സ്ഥിതി നിയന്ത്രണവിധേയം തന്നെയാണ്. പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്ന സമീപനം കാരണമാണ് കാസർകോട് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽത്തന്നെയിരിക്കാൻ ആളുകൾ കൂട്ടാക്കാതെ വരുമ്പോൾ രോഗവ്യാപന സാദ്ധ്യത കൂടുകയാണ്. രാജ്യമൊട്ടാകെ കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്നേ കർക്കശ നിയന്ത്രണങ്ങൾക്കു കീഴിലായിരുന്നു കേരളം. അതിന്റെ വലിയ ഗുണമാണ് ഇന്നു കാണുന്നത്. രോഗം സ്ഥിരീകരിച്ചവരായി 295 പേർ മാത്രമേ ഇതുവരെ സംസ്ഥാനത്ത് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളൂ. ഇവരിൽ 42 പേർ സുഖം പ്രാപിച്ച് വീടുകളിലേക്കു മടങ്ങിയെന്നതും ആശ്വാസം പകരുന്ന വാർത്തയാണ്.
തിരുവനന്തപുരത്ത് പോത്തൻകോട് കൊവിഡ് ബാധിച്ച് മരണമടഞ്ഞയാൾക്ക് രോഗം എവിടെ നിന്നു കിട്ടിയെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിക്കാത്തതാണ് അവിടെ കൂടുതൽ കരുതൽ നടപടികൾ ഏർപ്പെടുത്താൻ കാരണം. നിരീക്ഷണത്തിൽ കഴിയുന്നവരിൽ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ഏർപ്പാടുകൾ തുടങ്ങിയ സ്ഥിതിക്ക് കാര്യങ്ങൾക്ക് വേഗത്തിൽ തീർപ്പുണ്ടാകുമെന്നു കരുതാം. രണ്ടുമൂന്നു മണിക്കൂറിനകം പരിശോധനാഫലം ഉറപ്പാക്കുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം സംസ്ഥാനത്ത് ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്. ശശി തരൂർ എം.പിയോടാണ് ഇതിനു ആദ്യം നന്ദി പറയേണ്ടത്. റാപ്പിഡ് ടെസ്റ്റിനാവശ്യമായ 3000 കിറ്റുകൾ പൂനെയിലെ മൈലാബിൽ നിന്നാണ്. ആദ്യ ഗഡുവായി 1000 കിറ്റുകൾ വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിച്ചിരുന്നു. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കു പുറമെ അത്യാധുനിക ഫ്ളാഷ് തെർമോമീറ്ററുകളും വ്യക്തിഗത സുരക്ഷാകിറ്റുകളും വാങ്ങി എത്തിക്കാനും ശശി തരൂർ ഏർപ്പാടു ചെയ്തിട്ടുണ്ട്. എം.പി ഫണ്ട് ഈ അടിയന്തര ഘട്ടത്തിൽ ഇത്തരം ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത് ആരോഗ്യ മേഖലയ്ക്ക് വലിയ ഉപകാരമാകും. അതു കണ്ടറിഞ്ഞ് നടപടി എടുത്തതിലാണ് തരൂർ അഭിനന്ദനം നേടുന്നത്.
കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നതിനൊപ്പം സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവർക്കും ആശ്വാസമെത്തിക്കാനുള്ള നടപടികളിലും സർക്കാർ ജാഗ്രതയോടെ ഇടപെടുന്നുവെന്നത് ചാരിതാർത്ഥ്യജനകമാണ്. വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കുമ്പോൾ ഗുണഭോക്താക്കളിൽ ഭൂരിപക്ഷവും തങ്ങളുടെ വിഹിതം കൈപ്പറ്റിയിരിക്കും. നിത്യോപയോഗ സാധനങ്ങളടങ്ങിയ സൗജന്യ കിറ്റിന്റെ വിതരണവും തുടങ്ങാനിരിക്കുകയാണ്. ക്ഷേമ പെൻഷനുകളുടെ വിതരണവും നടന്നുവരുന്നു.
ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുന്നതിനെത്തുടർന്ന് സ്വീകരിക്കേണ്ട കരുതൽ നടപടികൾ എന്തൊക്കെയായിരിക്കണമെന്ന് തീരുമാനിക്കാൻ 17 അംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വീടുകളിൽ വീർപ്പുമുട്ടി കഴിയുന്നവർ ലോക്ക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം കൂട്ടമായി പുറത്തുചാടുന്നത് കുറച്ചു ദിവസങ്ങൾ കൂടി നിയന്ത്രിക്കേണ്ടതുണ്ട്. പഴയ നാളുകളിലേക്ക് പൂർണമായും മടങ്ങാൻ ഇനിയും ആഴ്ചകളെടുത്തേക്കും. അതുവരെ ക്ഷമിച്ചും പൊറുത്തും സർക്കാർ നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ ബാദ്ധ്യസ്ഥരാണ്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും മൊത്തം നന്മയ്ക്ക് ആവശ്യമാണത്. മഹാമാരിയുടെ ദുരിത നാളുകളിലും സ്വാർത്ഥമോഹികളായ ചുരുക്കം ചിലർ പലവിധത്തിലും സമൂഹത്തെ ദ്രോഹിക്കുന്ന നടപടികളിലേർപ്പെടുന്നുണ്ട്. ലോക്ക് ഡൗൺ ചട്ടം പാലിക്കാതെ പുറത്തിറങ്ങി കറങ്ങുന്നവരും കൊള്ളവില ഈടാക്കുന്നവരും സാധനങ്ങൾ പൂഴ്‌ത്തിവയ്ക്കുന്നവരും റേഷൻ സാധനങ്ങളിൽ അളവു കുറയ്ക്കുന്നവരുമൊക്കെ അധാർമ്മിക പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ഇത്തരക്കാരെ നേരിടാൻ നിയമമുണ്ടെന്ന വസ്തുത മറന്നുകൂടാ.