തിരുവനന്തപുരം : കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന യഥാർത്ഥ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി) ശാസ്ത്രജ്ഞർ വികസിപ്പിച്ചു. സംസ്ഥാനത്ത് ഈ കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന 10 ദിവസത്തിനുള്ളിൽ ആരംഭിക്കും.
നിലവിൽ ഉപയോഗിക്കുന്ന പി. സി. ആർ കിറ്റിന് 4,000 രൂപ വരെ വിലയുള്ളപ്പോൾ ഈ കിറ്റിന് 380 രൂപമാത്രമാണ് വില.
ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്നത് സാമ്പിളുകൾ ലാബുകളിൽ എത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആർ പരിശോധനകളാണ്. ഫലം അറിയാൻ മൂന്നു മണിക്കൂറിൽ കൂടുതൽ എടുക്കുന്ന ഈ പരിശോധനകളൊന്നും റാപ്പിഡ് ടെസ്റ്റ് അല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.രാധാകൃഷ്ണൻ ആർ.നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് കിറ്റ് വികസിപ്പിച്ചത്. കിറ്റിന് അംഗീകാരത്തിനും നിർമ്മാണ അനുമതിക്കുമായി വരുന്ന ബുധനാഴ്‌ചയ്‌ക്കകം ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന് ( ഐ.സി.എം.ആർ ) സമർപ്പിക്കും. അഞ്ചു ദിവസത്തിനുള്ളിൽ നിർമ്മാണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി കിട്ടിയാലുടൻ കളമശേരി കിൻഫ്ര പാർക്കിലുള്ള രാജീവ് ഗാന്ധി സെന്ററിന്റെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിൽ ഉത്പാദനം തുടങ്ങും.
പരിശോധന ഇങ്ങനെ
ഗർഭപരിശോധന കിറ്റ് പോലുള്ള ലളിതമായ ഒരു സ്ട്രിപ്പാണിത്
മൂന്നു വരകളെ (ലൈൻ) അടിസ്ഥാനമാക്കിയാണ് പരിശോധന
വിരൽ തുമ്പിലെ ഒരു തുള്ളി രക്തം കിറ്റിൽ പതിപ്പിക്കും.
കൺട്രോൾ ലൈൻ - രക്തം പതിക്കുമ്പോൾ ഈ വര തെളിഞ്ഞാൽ കിറ്റിന്റെ പ്രവർത്തനം കൃത്യം
ഐ. ജി. എം. ലൈൻ- ശരീരത്തിൽ വൈറസ് എത്തിയാൽ ഉത്പാദിപ്പിക്കുന്ന ആൻറി ബോഡികളുടെ സാന്നിദ്ധ്യം വ്യക്തമാക്കും.
ഐ.ജി.ജി ലൈൻ - ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തിരിച്ചറിയാം.
പോസിറ്റീവ് ആണെങ്കിൽ അഞ്ച് മിനിട്ടിലും നെഗറ്റീവാണെങ്കിൽ പതിനഞ്ച് മിനിട്ടിലും ഫലം അറിയാം.
കിറ്റ് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം വേണ്ട
ആരോഗ്യ പ്രവർത്തകർക്ക് കിറ്റുമായി വീടുകളിൽ പോയി പരിശോധന നടത്താം
30 ദിവസം 60ലക്ഷം കിറ്റുകൾ
@ 24മണിക്കൂറും നാലു ഷിഫ്റ്റുകളിലായി ദിവസം രണ്ട് ലക്ഷം കിറ്റുകൾ നിർമ്മിക്കും.
@ 30 ദിവസത്തിനുള്ളിൽ 60ലക്ഷം കിറ്റുകൾ വിപണിയിലെത്തും.
@ അതിന് കഴിഞ്ഞാൽ രാജ്യത്തിനാകെ ആവശ്യമുള്ള കിറ്റുകൾ കേരളത്തിൽ നിന്നാകും ലഭ്യമാക്കുക.
@നിലവിൽ ഇന്ത്യയിൽ കിറ്റ് ലഭ്യമല്ല
380 രൂപയ്ക്ക്
@കിറ്റ് ഒന്നിന് 380രൂപയ്ക്ക് വിപണിയിൽ എത്തിക്കാമെന്നാണ് പ്രതീക്ഷ.
@നിലവിൽ ഇത്തരം കിറ്റുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്
@ഇറ്റലി ഉൾപ്പെടെ ചൈനീസ് കിറ്റിനെ ആശ്രയിച്ചെങ്കിലും ഫലം കൃത്യമായിരുന്നില്ല.
@ആ രാജ്യങ്ങളിൽ രോഗപ്രതിരോധത്തെ ഇത് സാരമായി ബാധിച്ചു.
'കിറ്റിൻറെ ഇൻറേണൽ വാല്യുവേഷൻ പുരോഗമിക്കുകയാണ്. ഉടൻ ഐ.സി.എം.ആറിന് കൈമാറും. അനുമതി ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.'
- പ്രൊഫസർ രാധാകൃഷ്ണ പിള്ള.എം.
ഡയറക്ടർ
രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി