നെയ്യാറ്റിൻകര :കൊവിഡ്-19 വ്യാപനക്കാലം തുടങ്ങിയതോടെ ടി.വിയും ഫ്രിഡ്ജും മൊബൈഷൽ ഫോണും ആർക്കും വേണ്ട്, പകരം കഴിക്കാൻ അരിയും പലവ്യജ്‌ഞനത്തിനും ചായ കുടിക്കാൻ പാലിനും മറ്റുമായി ആർക്കാർ നെട്ടോട്ടത്തിലാണ്. കടകളിൽ ചിലത് രാവിലെ 7 ന് തുറക്കുമെന്നതിനാൽ പൊലീസിനെ പേടിച്ച് രാവിലെ ഒറ്റപ്പെട്ട ചിലർ തുണി സഞ്ചിയുമായി ഇറങ്ങുന്നതൊഴിച്ചാൽ റോഡുകൾ പൊതുവേ വിജനം. എന്നാൽ വീടിനുള്ളിൽ കഴിയുമ്പോഴും തങ്ങളാൽ കഴിയുന്ന സഹായവും പ്രതിരേധപ്രവർത്തനവും നടത്തുന്നവരും കുറവല്ല. ദിവസക്കൂലി തൊഴിലാളികളാകട്ടെ വീട്ടിനുള്ളിൽ കുടുംബസമേതം ടി.വി കണ്ടും മിച്ചമുള്ള സമയം പച്ചക്കറികൃഷി ചെയ്തും കഴിയുകയാണ് മിക്കപേരും. പച്ചക്കറിക്ക് മാർക്കറ്റിൽ തീ വിലയായതും മാർക്കറ്റിലേക്ക് പോകുവാനുള്ള വഴിയടഞ്ഞതുമാണ് മിക്കആൾക്കേരും സ്വയം കൃഷിയിലേക്ക് അടുപ്പിക്കുന്നത്- ഇരുമ്പിൽ സ്വദേശി അജയൻ എന്ന കെട്ടിട നിർമ്മാണ തൊഴിലാളി പറയുന്നു.
തെരുവിന്റെ മക്കൾക്കും ഭക്ഷണം
നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ ഒരു വേറിട്ട കാഴ്ച കണ്ടു. ബസ്റ്റാറ്റാൻഡ് പരിസരത്ത് ഒരാളൊഴികെ മറ്റാരും ഇല്ല. ചുട്ടുപൊളളുന്ന വെയിലത്ത് കുറെ തെരുവ് നായ്ക്കൾക്ക് നടുവിൽ നെയ്യാറ്റിൻകര ബാർ ആസോസിയേഷനിലെ അഭിഭാഷകനായ അഡ്വ.എസ്. ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ ബൈക്കിൽ കുറെ ബിസ്ക്കറ്റ് പായ്ക്കറ്റും കുറെ നെൽമണികളും പയറുമൊക്കെ ഉണ്ട്. ബിസ്ക്കറ്റ് കവറുകൾ പൊട്ടിച്ച് നായ്ക്കൾക്ക് കൊടുക്കുന്നു. ബിസ്ക്കറ്റ് കൊടുത്തിട്ട് കുപ്പിവെള്ളം എല്ലാ നായ്ക്കൾക്കും കൊടുത്തു. വെള്ളം തികയാത്തത്' കൊണ്ട് ബസ് സ്റ്റാൻഡിലെ പൈപ്പിൽ നിന്ന് വീണ്ടും വെള്ളം കൊടുത്തു. അവസാനം കൈയ്യിലുള്ള നെൽമണിയും അരിയും പയറും വാരി വിതറി. രാവിലെ 8 മണിക്കാണ് ഈ കാഴ്ച. ഉണ്ണികൃഷ്ണനെ കണ്ടതോടെ പക്ഷികളും നായ്ക്കളും ഓടിക്കൂടി. ആരും പുറത്തിറങ്ങാതെ ഇരിക്കുന്ന അവസ്ഥയിൽ ഒറ്റപ്പെട്ടു പോയ നായ്ക്കളേയും പക്ഷിക്കൂട്ടങ്ങളേയും സംരക്ഷിക്കാനും ഈ കൊവിഡ് കാലത്ത് ആളുണ്ട്.
മറ്റുള്ളവർക്കായി ഇതാ ഞങ്ങളും
വീട്ടിലിരുന്ന് മാസ്ക് തയ്ക്കുകയാണ് ചില വീട്ടമ്മമാരുടെ ജോലി. തയ്യൽ വശമുള്ള ഉദ്യോഗസ്ഥരായ വീട്ടമ്മമാരും തങ്ങളാൽ കഴിയുന്ന തരത്തിൽ കോവിഡ് കാല ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ മറ്റുള്ളവർക്ക് പ്രേരണയായി മാറുകയാണ്. മിക്ക സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബുകളും കമ്മ്യൂണിറ്റി കിച്ചനുമായി സഹകരിച്ചോ അല്ലാതെ സ്വന്തം നിലയിലോ ഉച്ചഭക്ഷണം എത്തിച്ച് നൽകുന്ന തിരക്കിലാണ്.
ആനവണ്ടിക്കാരായ ഞങ്ങളും ഒപ്പമുണ്ട്
ലോക്ക് ഡൗൺ ദിനത്തിൽ അവശ്യസാധനങ്ങളുമായി എറണാകുളത്ത് നിന്ന് നെയ്യാറ്റിൻകര വഴി പാറശാലയിലേക്ക് പോവുകയായിരുന്ന സപ്ലൈകോയുടെ വാഹനം, ദേശീയ പാതയിൽ കൃഷ്ണൻ കോവിലിന്സമീപത്ത് എൻജിൻ ഓയിൽ ലീക്ക് ആയി കഴിഞ്ഞ ദിവസം ബ്രേക്ക് ഡൗൺ ആയി. ഉടൻ നെയ്യാറ്റിൻകര ഡിപ്പോയിൽ അറിയിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി. ഐ. സതീഷ് കുമാർ ഉടനടി വിവരം ചാർജ് മാന്മാരായ മുരളിയെയും ബിജുവിനെയും അറിയിച്ചു. ഉടൻ തന്നെ മറ്റ് ജോലികൾ മാറ്റി വച്ച് മെക്കാനിക്കുകളായ ജി. ജിജോ, ബിയാർ, സജീവ്, ലാലു എന്നിവർ ഉടനടിയെത്തി ഒരു മണിക്കൂറിനുള്ളിൽ എല്ലാ പണികളും പൂർത്തിയാക്കി വാഹനം അവശ്യസാധനങ്ങളുമായി പാറശാലയിലേക്ക് യാത്ര തുടർന്നു.