veg

വിതുര: ലോക്ക് ഡൗണിൽ ജനം വീട്ടിലിരിക്കുമ്പോൾ അതിനെ ദൈര്യത്തോടെ നേരിടുകയാണ് വിതുര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റ്യുഡന്റ്സ് പൊലീസ് കേഡറ്റുകൾ. ലോക്ക് ഡൗൺ ദിനത്തിൽ വീടുകളിൽ പച്ചക്കറി കൃഷിചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നി‌ർദേശം മാനിച്ചാണ് സ്റ്റുഡന്റ്സ് പൊലീസിന്റെ യജ്ഞം. സ്കൂളിലെ 88 വിദ്യാർത്ഥികൾ കൃഷിയിൽ വ്യാപൃതരാണ്. വെണ്ട, പയർ, തക്കളി, വഴുതന, മുളക് എന്നിവയാണ് പ്രധാന കൃഷി. കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകാൻ തയാറായ കൃഷി ഭവനും പഞ്ചായത്തും ഒപ്പമുണ്ട്.

എസ്.പി.സി വിതുര യൂണിറ്റിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി മൃതുൽ കൃഷ്ണയാണ് കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കിയത്. കൂട്ടിന് അച്ഛനും അമ്മയും.

കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അൻവർ പച്ചക്കറി തോട്ടത്തിൽ സന്ദർശനം നടത്തിവേണ്ട നിർദേശങ്ങൾ നൽകും. രൂക്ഷമായജലക്ഷാമം നേരിടുന്നതിനാൽ കിലോമീറ്ററുകൾ താണ്ടി നദിയിൽ നിന്നും മറ്റും ജലം ശേഖരിച്ചുകൊണ്ട് വന്നാണ് അടുക്കളതോട്ടങ്ങൾ നനയ്ക്കുന്നത്. മൃദുൽ കൃഷ്ണയുടെതോട്ടത്തിലെ ആദ്യവിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഒരു പാവപ്പെട്ട കൂട്ടുകാരന് നൽകണമെന്നാണ് ആഗ്രഹം. 88കുട്ടിപ്പോലീസുകളും മത്സരിച്ചാണ് കൃഷി നടത്തിവരുന്നത്. സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. ഷീജ, മറിയാമ്മചാക്കോ, ഹെഡ്മിസ്ട്രസ് ജ്യോതിഷ് ജലൻ, പി. ടി. എ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി പുരോഗമിക്കുന്നത്.

 പാവപ്പെട്ടകുട്ടികൾക്ക് ഭക്ഷ്യ കിറ്റും

നിരവധി മാതൃകാ പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിച്ച വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ മഹാമാരിയുടെ ഈ കാലത്തും കരുതലിന്റെ നല്ല മാതൃക തീർക്കുകയാണ്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി കിറ്റുകൾ വിതരണം ചെയ്യുകയാണ് സ്കൂളിലെ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ. സഹായം ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ക്ലാസ്സ് ടീച്ചർമാർ വിവരങ്ങൾ പി.ടി.എ അംഗങ്ങൾക്ക് കൈമാറും. ഇതിനായി ക്ലാസ് ചുമതലയുള്ള അധ്യാപകർ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ട വാട്സ് അപ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. അധ്യാപകർ എല്ലാ ദിവസവും കുട്ടികളെ വിളിച്ച് അത്യാവശ്യം സഹായം വേണ്ടവരെ കണ്ടെത്തി അറിയിക്കുന്നുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കാൻ താത്പര്യമുള്ളവർക്ക് അധികൃതരെ ബന്ധപ്പെടാം.

പി.ടി.എ, പ്രസിഡന്റ്: 9447904412
എസ്.എം.സി ചെയർമാൻ : 9495834011

എം.പി.ടി.എ പ്രസിഡന്റ് : 97454063 02