തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം ക്ഷേത്രങ്ങളിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തുകയും ഉത്സവങ്ങൾ ഉപേക്ഷിക്കുകയും ചെയ്തതോടെ തിരുവിതാംകൂർ ദേവസ്വംബോർഡിനുണ്ടായ നഷ്ടം 100 കോടി രൂപ.
വിലക്ക് ഏർപ്പെടുത്തിയ മാർച്ച് 13 മുതൽ ഇനി വരുന്ന വിഷുദിനമായ ഏപ്രിൽ 14വരെയുള്ള ഒരു മാസത്തെ വരുമാന നഷ്ടമാണിതെന്ന് ദേവസ്വം ബോർഡ് പറയുന്നു. കാണിക്കയായും വഴിപാടായും വന്നുചേരേണ്ട തുകയാണിത്.
ശമ്പളവും പെൻഷനും നൽകാൻ മാത്രം പ്രതിമാസം നാല്പതു കോടി രൂപ വേണം.
വരുമാനത്തിൽ ഏറിയ പങ്കും ലഭിച്ചിരുന്നത് ശബരിമലയിൽ നിന്നാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുതവണ നട തുറന്നെങ്കിലും ദർശനം അനുവദിച്ചിരുന്നില്ല. മാർച്ച് 29 മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ഉത്രം - മഹോത്സവം മാറ്റിവയ്ക്കേണ്ടിവന്നു. മേടം ഒന്നിനുള്ള വിഷു ദർശനവും ഉണ്ടാവില്ല. മണ്ഡലകാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തർ വരുന്നത് വിഷുപൂജയ്ക്കാണ്.
ശബരിമല കഴിഞ്ഞാൽ ലക്ഷങ്ങളുടെ വരുമാനമുള്ളത് 26 പ്രമുഖ ക്ഷേത്രങ്ങളിൽ മാത്രമാണ്. ശേഷിക്കുന്ന1182 ക്ഷേത്രങ്ങളിൽ കാര്യമായ വരുമാനം ഇല്ല. ഇപ്പോൾ എല്ലാ ക്ഷേത്രങ്ങളും വരുമാനമില്ലാത്തതായി.
ക്ഷേത്രങ്ങളും ജീവനക്കാരും
#ആകെ ക്ഷേത്രങ്ങൾ : 1209
#ജീവനക്കാർ: 5000ൽ കൂടുതൽ
#പെൻഷൻകാർ: 4000ൽ കൂടുതൽ
#ഒരു മാസത്തെ ശമ്പളം: 31.25 കോടി
#ഒരു മാസത്തെ പെൻഷൻ: 9.16 കോടി
വരുമാന നഷ്ടം ദേവസ്വം ബോർഡിന്റെ സാമ്പത്തികാടിത്തറയെ ബാധിക്കാതിരിക്കാൻ ദിവസവേതനക്കാരൊഴികെയുള്ള മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ബോർഡ് അഭ്യർത്ഥിച്ചിരിക്കുകയാണ്. തുക ഒന്നായോ ആറുതവണകൾ വരെയായോ നൽകാം.
-അഡ്വ. എൻ.വാസു
ദേവസ്വം ബോർഡ് പ്രസിഡന്റ്