മുടപുരം: കൊവിഡ് 19 അടച്ചു പൂട്ടലിനെ തുടർന്ന് കലാ പ്രവർത്തകർക്കും താത്കാലിക വിശ്രമമായി. കലാസാഹിത്യ ക്യാമ്പുകളിലെ സജീവ സാന്നിദ്ധ്യം ആയിരുന്ന കവികൾ, പ്രഭാഷകർ, അഭിനേതാക്കൾ, കുട്ടികളുടെ നാടക രചയിതാക്കൾ, നാടൻപാട്ട് കലാകാരൻമാർ, വാദ്യോപകരണ കലാകാരൻമാർ തുടങ്ങിയവർ ഇപ്പോൾ വീടുകളിൽ വിശ്രമത്തിലാണ്. വരുമാനത്തോടൊപ്പം പുതിയ തലമുറയുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വലിയൊരു അവസരമാണ് ഈ കലാകാരന്മാർക്ക് നഷ്ടമാകുന്നത്.
മാർച്ച് മാസത്തോടെ ആരംഭിക്കുന്ന കലാ പരിശീലന ക്യാമ്പുകൾ, സാംസ്‌കാരിക സംഗമം തുടങ്ങിയവ ആരംഭിക്കാനാകാത്ത അവസ്ഥയിലാണ് സംഘാടകർ. പ്രാദേശിക ക്ലബുകളും പ്രമുഖ സമിതികളും ഒരു വർഷക്കാലമെടുത്ത് മുന്നൊരുക്കത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഇത്തരം ക്യാമ്പുകൾ അരമാസക്കാലം വരെ നീണ്ടുനിൽക്കാറുണ്ട്. കുട്ടികളുടെ സജീവ പങ്കാളിത്തമാണ് ഇത്തരം ക്യാമ്പുകൾക്കുള്ളത്.
മാർച്ച് വേനൽ അവധിക്കാലത്ത് സ്കൂളുകളിൽ അവധിക്കാല കളരികൾ വളരെ സജീവമായിരുന്നു. പ്രമുഖ വായന ശാലകളുടെയും സാംസ്‌കാരിക പഠന കേന്ദ്രങ്ങളുടെയും സഹകരണത്തോടെ വിപുലമായ നിലയിലായിരുന്നു ഇവ സംഘടിപ്പിക്കപ്പെട്ടിരുന്നത്.