തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ചികിത്സ നിയന്ത്റിച്ചിട്ടുണ്ടെങ്കിലും എസ്.എ.ടി ആശുപത്രിയിൽ പ്രസവ ചികിത്സ തുടരുമെന്ന് ആർ.എം.ഒ ഡോ. അനിത പറഞ്ഞു. നിലവിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള രോഗികൾക്ക് ചികിത്സയ്ക്കായി ആശുപത്രിയിലെത്താം. എന്നാൽ അടിയന്തരമല്ലാത്ത ചികിത്സയ്ക്ക് അടുത്തുള്ള ഗൈനക്കോളജി വിഭാഗമുള്ള ആശുപത്രികളിൽ ചികിത്സ തേടാം. നിലവിൽ ഒ.പി വിഭാഗവും മറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട് ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രികളിൽ നിന്നാണ് എസ്.എ.ടിയിലേക്ക് പ്രസവ കേസുകൾ കൂടുതലും റഫർ ചെയ്യുന്നത്. അടിയന്തര സാഹചര്യമല്ലാത്ത കേസുകൾ അതത് ആശുപത്രികളിൽ തന്നെ ചികിത്സിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. കൊവിഡ് പ്രതിരോധമുള്ളതിനാൽ നിലവിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മരുന്നും കൊണ്ടുവരുന്ന ആൾക്കും കൂട്ടിരിപ്പിന് ഒരാൾക്കുമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കായി ആശുപത്രിയിലോ ഡോക്ടറെയോ ഫോണിലൂടെ ബന്ധപ്പെടാം.