sister

കല്ലറ: ലോക്ക് ഡൗണിലും ലോക്കാവാതെ സ്നേഹതീരം. മാനസിക നിലതെറ്റി തെരുവോരങ്ങളിൽ അലയുന്ന സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സ്നേഹത്തിന്റെയും കരുതലിന്റെയും സംരക്ഷണമൊരുക്കി കല്ലറ മി തൃമ്മലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് സ്നേഹതീരം. സാമൂഹിക ക്ഷേമ വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനം കൊവിഡ് കാലമായതോടെ ദുരിതത്തിലാകുമോ എന്ന് ഭയന്നെങ്കിലും യാതൊരു ബു ദ്ധിമുട്ടുകളും ഇല്ലാതെ അന്തേവാസികൾ എല്ലാം സന്തോഷത്തോടെ കഴിയുന്നു. നിലമ്പൂർ സ്വദേശിയായ ദൈവത്തിന്റെ മണവാട്ടി സിസ്റ്റർ റോസ്ലിൻ നിയോഗം പോലെ നിലമ്പൂർ നിന്ന് കല്ലറ എന്ന കൊച്ചുഗ്രാമത്തിൽ എത്തിയപ്പോൾ അവരുടെ സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും കഥയറിഞ്ഞു ഒരു ഗ്രാമം തന്നെ സേവനത്തിന്റെ വഴിയേ തിരിയുകയായിരുന്നു. ചെറുപ്പകാലം മുതലേ സിസ്റ്റർ റോസിലിന്റെ മനസിൽ ഒരേ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു "മാനസിക നില തെറ്റി തെരുവിൽ അലയുന്ന സ്ത്രീകൾക്ക് തുണയാവുക". ദൈവത്തിന്റെ മണവാട്ടിയായി തീർന്നപ്പോഴും ചിന്തയിൽ മാറ്റം വന്നില്ല. 2002ൽ ഇതേ ഉദ്ദേശ ലക്ഷ്യത്തോടെ കോൺവെന്റ് ജീവിതം മതിയാക്കി സിസ്റ്റർ സേവനരംഗത്തേക്ക് സ്വന്തം വീട്ടുകാരുടെ സഹായത്തോടെ വന്നു. വീട്ടുകാർ കൊട്ടാരക്കര വിളകൂടിയിൽ കൊടുത്ത 66 സെന്റ് സ്ഥലത്തു മണ്ണ് വെച്ചുണ്ടാക്കിയ ചെറിയ വീട്ടിൽ രണ്ടു മാനസിക രോഗികളെയും സംരക്ഷിച്ചു തുടക്കം. പിന്നീടിങ്ങോട്ടുള്ള 18 വർഷക്കാലം സിസ്റ്റർ അനുഭവിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും എണ്ണിയാലൊടുങ്ങില്ല. സാധാരണ മനോനിലയിൽ ഉള്ള സ്ത്രീകൾ അല്ല, പലസമയത്തും അക്രമകാരികൾ ആകുന്നവർ, സ്വന്തമായി പല്ലുതേക്കുകയോ കുളിക്കുകയോ ചെയ്യാത്തവർ, പ്രാഥമികകാര്യങ്ങൾ പോലും കിടക്കയിൽ തന്നെ നിർവഹിക്കുകയും അവിടെ മുഴുവൻ വാരിവിതറുകയും ചെയുന്ന പല സ്വഭാവത്തിൽ ഉള്ളവർ, അതിൽ തെരുവിലെ മനുഷ്യമൃഗങ്ങളിൽ നിന്നും ഗർഭം ധരിച്ച പെൺകുട്ടികൾ വരെ ഉണ്ട്. ഇവരുടെ മരുന്ന്, ചികിത്സ ചിലവ്, ഭക്ഷണം, വസ്ത്രം പ്രതിബന്ധങ്ങളുടെ നീണ്ട നിര. മെന്റൽ അതോറിട്ടി ഓഫ് ഓർഫനേജ് കൺട്രോൾ ബോർഡ് രജിസ്ട്രേഷനോട് കൂടി പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടും ആദ്യ കാലങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും സഹായമൊന്നുമുണ്ടായിരുന്നില്ല. സഹായിക്കാൻ വീട്ടുകാരും, സുമനസുകളായ നാട്ടുകാരും, സഭയും മാത്രം.

മണ്ണുവെച്ച വീട്ടിൽ നിന്നും ഷീറ്റിട്ട വീട്ടിലേക്കും അതിൽനിന്നും അടച്ചുറപ്പുള്ള നല്ല കെട്ടിടത്തിലേക്കും സ്നേഹതീരമെത്തി. ഇപ്പോൾ വിളകുടയിൽ 200ഉം കല്ലറയിൽ 120ഉം അന്തേവാസികൾ ഉണ്ട്. മാനസിക വെല്ലുവിളി ഉയർത്തുന്നവർ പലസമയത്തും പല രീതിയിൽ പെരുമാറുമെങ്കിലും ഇവർ ചില സമയങ്ങളിൽ സാധാരണ മാനസികാവസ്ഥ ആയിരിക്കും. ആ സമയത്തു, ജപമാല നിർമാണം, മറ്റു ആഭരണങ്ങൾ, പഴയ സാരിയിൽ നിന്നും ചവിട്ടി ഉത്പാദനം, മുട്ടകോഴിവളർത്തൽ ,ആട്, പശു ഫാം, പച്ചക്കറി തോട്ടം എന്നിവ പോലെയുള്ള ഒക്കുപേഷൻ തെറാപ്പി പരിശീലിപ്പിക്കാറുണ്ട്. അവരതു നന്നായി ചെയ്യാറുണ്ട്. അടൂർ സ്വദേശിയായ റിട്ടേർഡ്ലീ പൊലീസ് ഉദ്യോഗസ്ഥൻ സജീവിന്റെ സഹായത്തോടെ ഒരു ബാൻഡ് ട്രൂപ്പുണ്ട്. ആഘോഷ വേളകളിൽ പുറത്തു വേദികൾ കിട്ടാറുണ്ട്. ഇവിടുന്നൊക്കെ കിട്ടുന്ന ചെറിയ തുകയാണ് സ്ഥാപനത്തിന്റെ വരുമാന മാർഗങ്ങൾ.