കിളിമാനൂർ: പരീക്ഷാച്ചൂടിനിടയിലായിരുന്നു കൊവിഡിന്റെ വരവ്. എട്ടാം ക്ലാസ് വരെയുള്ളവർ പരീക്ഷ എഴുതാതെ തന്നെ അടുത്ത ക്ലാസിലേക്കും ആയി. തുടർന്ന് ലോക് ഡൗണും പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾ എല്ലാം സന്തോഷത്തിലുമായി. പണ്ടൊക്കെ പരീക്ഷ കഴിഞ്ഞ് വേനൽ വെക്കേഷൻ ആയാൽ പറമ്പുകളിലും പാടങ്ങളിലും മടൽ ബാറ്റും, ബോളുമൊക്കെയായി ക്രിക്കറ്റും ഫുഡ് ബോളും കളിക്കാൻ പോയിരുന്ന ബാല്യങ്ങൾക്ക് ഇടയ്ക്ക് എപ്പോഴോ ബ്രേക്ക് വീണു. രക്ഷിതാക്കൾ വിദ്യാഭ്യാസത്തെ മത്സര ബുദ്ധിയോടെ കാണാൻ തുടങ്ങിയതോടെ വെക്കേഷൻ കാലത്ത് ബാറ്റും, ബാളും കളഞ്ഞ് കുട്ടികൾക്ക് അടുത്ത ക്ലാസിലേക്കുള്ള ട്യൂഷനും പോകേണ്ടി വന്നു. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നിരവധി വാഗ്ദാനങ്ങൾ നൽകി ട്യൂട്ടോറിയൽക്കാരും വരാൻ തുടങ്ങും.

അതോടെ പരീക്ഷ കഴിഞ്ഞ് ഒരു ദിവസം പോലും വീട്ടിൽ നിൽക്കാൻ കഴിയാതെ ട്യൂഷൻ ക്ലാസിൽ പോകേണ്ട അവസ്ഥയാണുണ്ടായിരുന്നത്. ട്യൂട്ടോറിയിൽ നിന്ന് വന്ന് വൈകിട്ടെങ്ങാനും കളിക്കാൻ പോകാമെന്ന് വെച്ചാലോ അതും പറ്റില്ല. പഠിക്കാൻ വീക്കായ വിഷയത്തിന് സ്പെഷ്യൽ ട്യൂഷൻ വേറെ.ഹയർ സെക്കന്ററി പരീക്ഷ കഴിഞ്ഞ കുട്ടിയാണങ്കിൽ പറയുകയും വേണ്ട നിരവധി മത്സര പരീക്ഷകളുടെയും, പ്രവേശന പരീക്ഷയുടെയും ലോകത്താണ്. ഇതിനെല്ലാം അറുതി വരുത്തിയിരിക്കുകയാണ് ഈ ലോക്ക് ഡൗൺ കാലം. പാടങ്ങളിലും ,പറമ്പുകളിലും കളിയ്ക്കാൻ പോകാൻ ഈ കൊവിഡ് കാലത്ത് അനുവാദമില്ലങ്കിലും പഴയ തലമുറ പണ്ടെങ്ങോ മറന്നു പോയ, അല്ലെങ്കിൽ ആധുനികതയുടെയും, തിരക്കിന്റെയും ഒഴുക്കിൽപ്പെട്ടു പോയ നിരവധി വിനോദ കളികൾ ഈ ലോക്ക് ഡൗൺ കാലത്ത് തിരികെ വന്നിട്ടുണ്ട്.