തിരുവനന്തപുരം : സമ്പൂർണ ലോക്ക് ഡൗണിൽ ചരക്ക് നീക്കം ദുർഘടമായതോടെ സംസ്ഥാനത്തെ സപ്ളൈകോ ഡിപ്പോകളും ഔട്ട് ലറ്റുകളും കാലിയായി.ജനതാ കർഫ്യൂവിലും പിന്നീടുണ്ടായ സമ്പൂർണ ലോക്ക് ഡൗണിലും ആളുകൾ വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയതോടെ ഉണ്ടായിരുന്ന സാധനങ്ങൾ പെട്ടെന്ന് തീർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
സബ്‌സിഡി നിരക്കിൽ അരിയും പലചരക്കും ലഭ്യമാക്കിയിരുന്ന സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ സബ്‌സിഡി അരി ഇന്നലെ വൈകുന്നേരത്തോടെ മിക്കയിടത്തും തീർന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തേണ്ട കടല , തുവര പരിപ്പ് , പയർ വർഗങ്ങൾ എപ്പോഴെത്തുമെന്ന് ആർക്കും തീർച്ചയില്ല. പഞ്ചസാര, ശർക്കര, തേയില, കാപ്പി തുടങ്ങിയവയും സ്റ്റേഷനറി സാധനങ്ങളിൽ മിക്കതും ഗ്രാമങ്ങളിലുൾപ്പെടെ രണ്ട് ദിവസമായി ഔട്ട് ഓഫ് സ്റ്റോക്കാണ്.പൊതുവിപണിയിൽ 35-38 വിലവരുന്ന മുന്തിയ ഇനം ജയ അരി സപ്ലൈകോയിൽ 25 രൂപയ്‌ക്കാണ് നൽകുന്നത്. 40 രൂപയുടെ പഞ്ചസാര 22 നും 180 രൂപക്ക് പൊതു വിപണിയിൽ ലഭിക്കുന്ന മുളക് 75 രൂപക്കുമാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോയിൽ ലഭിക്കുന്നത്.
ഗ്രാമീണ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളും ജയ അരിയുടെ ഉപഭോക്‌താക്കളാണ്. സാധനങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ സർക്കാർ ജീവനക്കാരടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ്.രണ്ടും മൂന്നും ഇരട്ടി വില നൽകിയാണ് മിക്കവരും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്. ഉള്ളിയും സവാളയും അരിയും പഞ്ചസാരയും മുളകും ഉൾപ്പെടെ അത്യാവശ്യസാധനങ്ങളെങ്കിലും സപ്ലൈകോ വഴി ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നെങ്കിലും ചരക്ക് ഗതാഗതം സുഗമമാകാത്തതിനാൽ ആർക്കും ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.