തിരുവനന്തപുരം: കീർത്തി സുരേഷ് ഇപ്പോൾ പാചകം പഠിക്കുകയാണ്. അമ്മ മേനകയാണ് ഗുരു. പഠനം നേരിട്ടല്ല, വാട്സ് ആപ്പ് വഴിയാണ്. കാരണം മകൾ ചെന്നൈ ഇ.സി.ആർ റോഡിലെ ഫ്ലാറ്റിലും അമ്മ തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിലുമാണ്. രാവിലെ കീർത്തിയുടെ വിളി എത്തും. ഇന്ന് ഉപ്പുമാവ് ഉണ്ടാക്കിയാലോ റവ എത്രവേണം? ആദ്യം എണ്ണ ചൂടാക്കണോ? ഉള്ളി നുറുക്കുന്നത് എപ്പോൾ ചേർക്കണം. ഇങ്ങനെ പോകും ഡൗട്ട്സ്. ലൈവ് പാചകത്തിനിടയിലാണ് ചോദ്യങ്ങളെല്ലാം.
ഹൈദരാബാദിൽ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്ന കീർത്തി ഷൂട്ടിംഗ് നിറുത്തിയതോടെയാണ് ചെന്നൈയിൽ എത്തിയത്. അവിടെന്ന് തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്ര പ്ളാൻ ചെയ്തപ്പോഴേക്കും രാജ്യം ലോക്ക് ഡൗണായി. കാറിൽ കളിയിക്കാവിള എത്തിയാൽ അവിടെ നിന്നു കൂട്ടാമെന്ന് അച്ഛൻ സുരേഷ് പറഞ്ഞു. അത് കുടുതൽ പ്രശ്നമാകുമെന്നതിനാൽ ചെന്നൈയിലെ ഫ്ളാറ്റിൽ രണ്ട് കൂട്ടുകാരികൾക്കൊപ്പം കഴിയുകയാണ് താരം. രാവിലെ അമ്മയുടെ സഹായത്തോടെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കും. ഉച്ചയ്ക്ക് ഓൺലൈൻ ഭക്ഷണമാണ്. വൈകിട്ട് പിന്നെയും പരീക്ഷണം. കൂട്ടിന് ഒരു നായയും ഉണ്ട്. ''മടുത്തു... ലോക്ക് ഡൗൺ കഴിയുമ്പോൾ ഞാനമ്മയുടെ അടുത്തേക്ക് ഓടിയെത്തും''- കീർത്തിയുടെ വാക്കുകളിൽ ലോക്ക‌്‌ഡൗൺ ക്ഷീണം വ്യക്തം.
തിരുവനന്തപുരത്ത് മേനകയും അടുക്കളയിലാണ് കൂടുതൽ സമയവും. വീട്ടിൽ അടുക്കള ജോലിക്കു എത്തിയിരുന്നവർക്ക് എത്താൻ കഴിയാതെയായി. താൻ ഇപ്പോൾ അടുക്കളയ്ക്കുള്ളിൽ ശരിക്കും ലോക്കായി എന്നാണ് മേനക പറയുന്നത്. "ഒരു ദിവസം ഷീലാമ്മ വിളിച്ചു ചോദിച്ചു മേനക നന്നായിട്ട് എഴുതുമല്ലോ വരയ്ക്കുമല്ലോ ഇപ്പോൾ അതിനു സമയം ധാരാളം കിട്ടുമല്ലോ എന്ന്. ഞാൻ പറഞ്ഞു എവിടെ ചേച്ചി സമയം ഇരിക്കുന്നു... അടുക്കളയിൽ തന്നെ''
മേനകയേയും സുരേഷിനേയും കാണാനെത്തിയ മൂത്തമകൾ രേവതിയും ഇവിടെ കുടുങ്ങി. ബംഗളൂരുവിൽ ഭർത്താവിന്റെ അടുത്ത് പോകാൻ കഴിയുന്നില്ല. ഇപ്പോൾ ചെസും കാരംസുമൊക്കെയായാണ് മൂന്നു പേരും സമയം ചെലവഴിക്കുന്നത്.
പ്രകൃതിക്ക് റിഫ്രഷ് ചെയ്യാനുള്ള സമയമാണിതെന്നാണ് സുരേഷിന്റെ പക്ഷം. "ആദ്യമായാണ് ഈ നഗരത്തിൽ കിളികളുടെ ശബ്ദം ഞാൻ കേൾക്കുന്നത്, വാഹനങ്ങളുടെ ശബ്ദം വല്ലപ്പോഴും മാത്രം..."
തന്റെ രണ്ട് സഹോദരങ്ങൾ അമേരിക്കയിലാണ്. അവരെ കുറിച്ചോർത്ത് ടെൻഷനിലാണെന്ന് മേനക പറഞ്ഞു. "നമ്മൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പറയുന്നത് കേൾക്കണം. കൊച്ചു കുട്ടികളൊന്നും അല്ലല്ലോ സ്വയം മനസിലാക്കാതെ ഇങ്ങനെ ഇറങ്ങി നടക്കുന്നത് എന്തിനാണ്?" ജനത്തിന്റെ അനുസരണക്കേടിലുള്ള ദേഷ്യം മേനകയുടെ വാക്കുകളിൽ പ്രകടം.