pothencode

പോത്തൻകോട്: കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോട്ട് നിന്നുള്ള 32പേരെ ഇന്നലെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കി. മരിച്ചയാളിന് എങ്ങനെയാണ് രോഗം ഉണ്ടായതെന്ന് ഇനിയും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പോത്തൻകോട് മേഖലയിൽ നിന്നുള്ളവരെ റാപ്പിഡ് ടെസ്റ്റിന് വിധേയനാക്കിയത്. സമൂഹവ്യാപനത്തിന്റെ സൂചനയുണ്ടോ എന്നു തിരിച്ചറിയാനാണ് റാപിഡ് ടെസ്റ്റ് നടത്തിയത്. ഐ.എം.ജിയിലാണ് 32 പേരെ എത്തിച്ച് സ്രവം പരിശോധനയ്ക്കെടുത്തത്. ലാബിൽ വച്ചാകും ടെസ്റ്റ് നടത്തുക. ഇന്നലെ തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ 32 പേരെ ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തിലായിരുന്നു റാപ്പിഡ് ടെസ്റ്റിനായി തിരുവനന്തപുരത്തെ ഐ.എം.ജിൽ എത്തിച്ചത്. രോഗം ബാധിച്ച് മരിച്ച അബ്ദുൾ അസിസുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 131 പേരുടെ സ്രവം ശേഖരിച്ച് നടത്തിയ ആദ്യ പരിശോധനയിൽ 8 പേരുടെ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ ലഭിച്ച 97 ഫലവും നെഗറ്റീവാണ്. അബ്ദുൾ അസിസിനൊപ്പം വാവറമ്പലത്തെ പള്ളിയിൽ നമസ്‌കാരത്തിനെത്തിയവരെ ഇനി തിരിച്ചറിയാനുണ്ട്. ഇവരെ കണ്ടെത്തിയാൽ ഇവരുടെയും പരിശോധന നടത്തും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീഷണത്തിൽ കഴിയുന്ന അബ്ദുൾ അസിസിന്റെ ഭാര്യയെയും മകളെയും പേരക്കുട്ടികളെയും രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെത്തിക്കും. വാവറമ്പലത്തെ ഇവരുടെ വീട് അണുവിമുക്തമാക്കിയശേഷമാകും വീട്ടിലേക്ക് കൊണ്ടുവരുന്നത്. ശുചീകരണവും പരിശോധനാ സംവിധാനങ്ങളും ശക്തമാക്കിയതോടെ ജനങ്ങളുടെ ഭീതി വിട്ടൊഴിയുന്നുണ്ട്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ബോധവത്കരണ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.പഞ്ചായത്തിലെ 370 പാലിയേറ്റിവ് രോഗികൾക്കും 1600 ജീവിതശൈലി രോഗമുള്ളവർക്കും രണ്ട് മാസത്തെ മരുന്നുകൾ വാർഡ് തലത്തിൽ വിതരണം ചെയ്യുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചൺ വഴി 460 പേർക്കും കുടുംബശ്രീ വഴി 153 പേർക്കും സൗജന്യമായി ഭക്ഷണം നൽകുന്നു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന 180 പേർക്ക് അവശ്യ സാധനങ്ങൾ അറിയിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് എത്തിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളിൽ 2000 പേർക്ക് മൂന്ന് ആഴ്ചത്തേക്കുള്ള സാധനങ്ങൾ താമസസ്ഥലങ്ങളിൽ എത്തിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.