തിരുവനന്തപുരം : ലോകത്തെയാകെ ഗ്രസിച്ച കൊവിഡ് മഹാവ്യാധിക്കെതിരെ ജാഗ്രതയെ പുലർത്താനും സമസ്ത ജനങ്ങൾക്കും മംഗളം ഭവിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 9ന് 9 മിനിട്ട് ദീപാർപ്പണം നടത്താൻ ആഹ്വാനം ചെയ്തതെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സന്ദേശത്തിൽ പറഞ്ഞു.
ദീപം തെളിച്ച് സദ്കർമ്മങ്ങൾക്ക് തുടക്കം കുറിക്കുന്ന മഹത്തായ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ദീപം അഗ്നി സ്വരൂപമാണ്. പ്രകാശവും പ്രജ്ഞാനവുമാണ് അഗ്നിയുടെ ഭാവം. അതുകൊണ്ടാണ് ഋഷിമാരെല്ലാം അഗ്നിക്ക് ദേവത്വം കൽപ്പിച്ചത്.
നമ്മെ അലട്ടുന്നതിനെയല്ലാം ശമിപ്പിക്കാനുള്ള ദേവത്വം അഗ്നിക്കുണ്ട്. അത് സർവ്വതിനെയും ശുദ്ധിപ്പെടുത്തും. അകത്തും പുറത്തും വെളിച്ചവും തെളിച്ചവും നൽകും. അതുകൊണ്ടാണ് 'ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം" എന്ന് ഗുരുദേവൻ ദീപത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സർവാത്മ സംവേദനത്തിന്റെ പ്രതീകമായാണ് 1921ൽ കാരമുക്ക് ശ്രീചിദംബര ക്ഷേത്രത്തിൽ തൃപ്പാദങ്ങൾ ദീപത്തെ പ്രതിഷ്ഠിച്ചത്.
കൊവിഡ് പ്രതിരോധത്തിന് ഊർജവും പ്രത്യാശയും ഏകതയും നേടാൻ നമ്മെ പ്രാപ്തരാക്കുകയെന്ന സന്ദേശമാണ് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം. ജനനം, മരണം, ദാരിദ്ര്യം, രോഗഭയം ഇതൊന്നും നമ്മെ ബാധിക്കാതിരിക്കാനുള്ള സദ്കർമ്മത്തിൽ എല്ലാവരും പങ്കാളികളാകണം. ദീപം തെളിക്കൽ ഒരേസമയം ഒരു ഉദ്യമത്തിനുള്ള പ്രതിജ്ഞയും ഒരു മഹാസംഗ്രഹത്തിനുള്ള പ്രാർത്ഥനയും ആയിത്തീരട്ടെ എന്നും സന്ദേശത്തിൽ പറഞ്ഞു.