പാറശാല: രോഗപ്രതിരോധശേഷി കൂട്ടാൻ കുടുംബശ്രീയുടെ ഹണികോള എത്തി.പൊഴിയൂരിൽ നിന്നും മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തി, നിരീക്ഷണ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന പഞ്ചായത്തിലെ ജീവനക്കാർ, ആരോഗ്യവകുപ്പിലെ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ സേവാപ്രവർത്തകർ എന്നിവർക്കാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹണികോള സൗജന്യമായി വിതരണം ചെയ്യുന്നത്. തേൻ, ഇഞ്ചി, നാരങ്ങ, ബീറ്റ്‌റൂട്ട് എന്നിവ ചേർന്ന ആയുർവേദ ഔഷധ പാനീയമാണ് ഹണികോള. കുളത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വി.കെ.കുടുംബശ്രീയാണ് ഹണികോള നിർമ്മിച്ച് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡൺസ്റ്റൺ സി.സാബു, വാർഡ്മെമ്പർ പൊഴിയൂർ ജോൺസൺ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലൂടെ അഞ്ഞൂറോളം പേർക്ക് ഭക്ഷണം നൽകി വരുന്നു.