mask

ജർമ്മനി: രണ്ട് ലക്ഷത്തോളം എൻ 95 മാസ്കുകൾ അമേരിക്ക തട്ടിയെടുത്തെന്ന ആരോപണവുമായി ജർമനി രംഗത്തെത്തി. ചൈനയിൽ നിന്ന് ജർമനിയിലേക്ക് മാസ്കുകളുമായി പുറപ്പെട്ട വിമാനം ബാങ്കോക്കിൽ തടഞ്ഞുനിറുത്തി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ് ജർമനി ആരോപിക്കുന്നത്. കൊവിഡ് പടരുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾ സ്വന്തമാക്കാനായി അന്ത്രാഷ്ട്ര വിപണിയിൽ വൻ മത്സരമാണ് നടക്കുന്നത്. അതിനിടയിലാണ് അമേരിക്കയ്ക്കെതിരെ ജർമനിയുടെ ആരോപണം. ഫ്രാൻസും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അമേരിക്കയുടേത് ആധുനിക കാലത്തെ കൊള്ളയാണെന്ന് ബെർലിൻ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി ആൻഡ്രിയാസ് ജിസെൽ പറഞ്ഞു. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 3 എം എന്ന അമേരിക്കൻ കമ്പനിക്ക് വേണ്ടി ഒരു ചൈനീസ് കമ്പനിയാണ് മാസ്കുകൾ നിർമിച്ച് നൽകുന്നത്. ജർമനിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ബെർലിനിൽ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും 3 എം അറിയിച്ചു.

മാസ്കുകൾ കിട്ടിയ ശേഷം പണം നൽകാമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ അമേരിക്ക പണം നൽകി മാസ്കുകൾ കൊണ്ടുപോവുകയായിരുന്നെന്നും ജർമൻ അധികൃതർ പറയുന്നു. അമേരിക്ക ഇരട്ടിയിലധികം വില നൽകി അന്താരാഷ്ട്ര വിപണിയിൽ നിന്ന് എല്ലാം വാങ്ങിക്കൂട്ടുകയാണെന്ന് ഫ്രാൻസും ആരോപിച്ചു.

മാസ്ക് ഉപയോഗിച്ചതുകൊണ്ട് രോഗം തടയാനാവില്ലെന്നായിരുന്നു നേരത്തെ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) പറഞ്ഞത്. എന്നാൽ രോഗികൾ മൂന്ന് ലക്ഷത്തിലേക്കടുക്കുന്ന അമേരിക്കയിൽ വെള്ളിയാഴ്ചയാണ് ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണമെന്ന നിർദേശം വന്നത്.